നിര്‍ധരായ കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള പദ്ധതിയുമായി നടന്‍ ജയസൂര്യ. ‘സ്‌നേഹക്കൂട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും അഞ്ചു വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ജയസൂര്യയുടെ തീരുമാനം. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യവീട് ഇതിനോടകം പണിതീര്‍ത്ത് അര്‍ഹരായ കുടുംബത്തിന് കൈമാറി. മുപ്പത് ദിവസമെടുത്താണ് വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കനം കുറഞ്ഞ കോണ്‍ക്രീറ്റ് പാനല്‍ കൊണ്ടാണ് വീടുകളുടെ നിര്‍മാണം.

സ്വന്തമായി ഭൂമിയുള്ളവര്‍ക്കാണ് നിലവിലിപ്പോള്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. കൂടാതെ സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുമായിരിക്കണം. രണ്ടു ബെഡ്‌റൂമും അടുക്കളയും ഹാളും ബാത്ത്‌റൂമും ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിച്ചു നല്‍കുന്നത്. ഇതിന്റെ നിര്‍മാണച്ചെലവ് ഏകദേശം ആറുലക്ഷം രൂപയോളം വരും. ഈ പദ്ധതി പ്രകാരമുള്ള അടുത്ത വീടിന്റെ നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കും.

രാമമംഗലത്തുള്ള ഒരു കുടുംബത്തിനാണ് ആദ്യത്തെ വീടു നല്‍കിയത്. ഭര്‍ത്താവു മരിച്ചുപോയ സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് ആ കുടുംബത്തിലെ അംഗങ്ങള്‍. നിത്യച്ചെലവിന് പോലും വഴിയില്ലാത്ത അവര്‍ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം വിദൂരമായിരുന്നു. ചോയ്‌സ് ഗ്രൂപ്പിന്റെ എം.ഡി ജോസ് തോമസ് നല്‍കിയ ഭൂമിയില്‍ ജയസൂര്യ അവര്‍ക്കു വീടു നിര്‍മിച്ചു നല്‍കി. ജയസൂര്യയ്ക്ക് വേണ്ടി നടന്‍ റോണി താക്കോല്‍ കൈമാറുന്ന ചടങ്ങ് നിര്‍വഹിച്ചു.

ഹൈബി ഈഡന്‍ എംപിയുടെ തണല്‍വീട് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ന്യൂറാ പാനല്‍ കമ്പനി ഡയറക്ടര്‍ സുബിന്‍ തോമസിനെ ജയസൂര്യ പരിചയപ്പെടുന്നത്. പിന്നീട് സ്‌നേഹക്കൂട് എന്ന ആശയത്തിലേക്കെത്തുകയായിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വീട് നിര്‍മിച്ച് നല്‍കാമെന്നതാണ് പ്രധാന ആകര്‍ഷണം. പദ്ധതിയുടെ ഭാഗമായി ഇനിയും കൂടുതല്‍ വീടുകള്‍ വച്ചു നല്‍കാമെന്ന പ്രതീക്ഷയിലാണ് താനെന്ന് ജയസൂര്യ പറഞ്ഞു.