kerala

നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല; വോട്ടര്‍ പട്ടികയില്‍ പേര് നഷ്ടം

By webdesk18

December 09, 2025

കൊച്ചി: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍, നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ലെന്ന വിവരം പുറത്തുവന്നു. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.

പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു മമ്മൂട്ടി അവസാന വട്ടം വോട്ട് ചെയ്തത്. എന്നാല്‍ പുതുക്കിയ പട്ടികയില്‍ പേര് കാണാനാവാത്തതോടെ ഇത്തവണ അദ്ദേഹത്തിന്റെ വോട്ട് നഷ്ടമായി.

ഇതിനിടെ, തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,167 വാര്‍ഡുകളില്‍ നിന്നുള്ള 36,620 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. രാവിലെ ആറിന് മോക് പോളിങ് നടത്തിപ്പില്‍, തുടര്‍ന്ന് ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

ഗ്രാമപ്രദേശങ്ങളില്‍ വോട്ടര്‍മാര്‍ക്ക് മൂന്ന് വോട്ട്, മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമുള്ള മേഖലകളില്‍ വോട്ടര്‍മാര്‍ക്ക് ഒന്ന് വീതം വോട്ട് ചെയ്യേണ്ടതുണ്ട്.

ബാക്കി ഏഴ് ജില്ലകളില്‍ ഡിസംബര്‍ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13-ന് രാവിലെ ആരംഭിക്കും.