ന്യൂഡല്‍ഹി: മിസ് ഇന്ത്യ ഫൈനലിസ്റ്റും ടെലിവിഷന്‍ അവതാരകയും മോഡലും നടിയുമായ സോണിക ചൗഹാന്‍ കാറപകടത്തില്‍ മരണപ്പെട്ടു. ഇന്നലെ രാവിലെ കൊല്‍ക്കത്തയിലെ രാഷ്ബിഹാരി അവന്യുവില്‍ വെച്ചായിരുന്നു അപകടം. സോണിയയുടെ സുഹൃത്തും ടെലിവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡര്‍ തട്ടി മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരെയും ഉടനെ ആസ്്പത്രിയില്‍ എത്തിച്ചുവെങ്കിലും സോണിക യാത്രാ മധ്യേ മരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. തോളെല്ലിന് പരിക്കേറ്റ വിക്രം ചാറ്റര്‍ജി ചികിത്സയിലാണ്. കോല്‍ക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.