കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേരുന്നതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. നടിയും സര്‍ക്കാറും ഹര്‍ജിയെ എതിര്‍ത്തതോടെ സമ്മര്‍ദ്ദത്തിലായ അമ്മ അപേക്ഷ പിന്‍വലിക്കാനുള്ള നീക്കത്തിലാണ്. ആക്രമിക്കപ്പെട്ട നടിയെ പിന്തുണക്കുന്നുവെന്ന പൊതുബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചനാ നാരായണന്‍കുട്ടിയും കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
വിചാരണക്ക് വനിത ജഡ്ജി വേണമെന്നത് ആക്രമിക്കപ്പെട്ട നടിയുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. ഈ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് അമ്മയിലെ അംഗങ്ങളായ നടിമാര്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കേസ് തൃശൂര്‍ക്ക് മാറ്റണം, പ്രോസിക്യൂട്ടറെ മാറ്റണം എന്നീ ആവശ്യങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. എന്നാല്‍, അക്രമിക്കപ്പെട്ട നടി ഇതിനെ എതിര്‍ത്ത് രംഗത്തുവന്നതോടെയാണ് അമ്മയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. പ്രോസിക്യൂട്ടറെ മാറ്റുന്ന കാര്യം ഹര്‍ജിയില്‍ തങ്ങളറിയാതെ വന്നതാണന്നെ നിലപാടിലാണ് അപേക്ഷ നല്‍കിയ നടിമാരില്‍ ഒരാള്‍. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആക്രമിക്കപ്പെട്ട നടി ഉന്നയിച്ചിരുന്നില്ല. അതിനാല്‍ ഇത് ദിലീപിനെ സഹായിക്കാനുള്ള ഹര്‍ജിയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വനിതാ ജഡ്ജിയെ വേണമെന്ന തന്റെ ആവശ്യത്തിന് ആരുടെയും സഹായം ആവശ്യമില്ലെന്നും താന്‍ ഇപ്പോള്‍ അമ്മയില്‍ അംഗമല്ലെന്നും അക്രമിക്കപ്പെട്ട നടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂട്ടറെ നിയമിച്ചത് തന്റെകൂടി അഭിപ്രായം ആരാഞ്ഞാണെന്നും നടി കോടതിയെ അറിയിച്ചിട്ടുണ്ട്. ഹര്‍ജി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഉടന്‍ സംഘടനയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായി പ്രതിഷേധമറിയിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്യു.സി.സി) ഭാരവാഹികളുമായി അമ്മ നിശ്ചയിച്ച യോഗം നാളെ നടക്കും. നടിമാരായ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരെയാണ് ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വനിതാ അംഗങ്ങളെന്ന നിലയില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്ക് നേരത്തെ കത്തയച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇവരെ ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് പുറമെ ഷമ്മി തിലകന്‍, ജോയ് മാത്യു തുടങ്ങിയവരെയും ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.