ചെന്നൈ: സ്വയം പ്രഖ്യാപിത ദൈവം നിത്യാനന്ദയെ പുകഴ്ത്തി തമിഴ് ചലച്ചിത്ര താരം മീര മിഥുന്‍. ദിവസം തോറും നിത്യാനന്ദയുടെ ശക്തി കൂടിക്കൊണ്ടിരിക്കുകയാണെന്ന് മീര ട്വീറ്റ് ചെയ്തു.

എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു, കുറ്റം പറയുന്നു, മാധ്യമങ്ങള്‍ വരെ എതിര്‍ക്കുന്നു. എന്നാല്‍ ഇന്ന് പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. ദിവസേന ശക്തി കൂടിക്കൊണ്ടിരിക്കുന്നു. കൈലാസം വളരെ വേഗത്തില്‍ തന്നെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ട്. ഒരുപാട് സ്‌നേഹം’ എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ഇതാദ്യമായല്ല നിത്യാനന്ദയെ മീര പ്രകീര്‍ത്തിക്കുന്നത്. ആള്‍ ദൈവത്തിന്റെ ആരാധികയാണെന്ന് താരം നേരത്തെ തന്നെ തെളിയിച്ചതാണ്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ നിന്ന് കടന്ന് സ്വന്തമായി രാജ്യം സ്ഥാപിച്ചതായി അവകാശപ്പെടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ പുതിയ കറന്‍സിയും പുറത്തിറക്കിയത്. ‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ നിര്‍മിച്ച ‘കൈലാസിയന്‍ ഡോളര്‍’ ആണ് ശനിയാഴ്ച പുറത്തിറക്കിയത്. ഫേസ്ബുക്കിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്. പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയില്‍നിന്ന് കടന്നുകളഞ്ഞത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചതായും അവകാശപ്പെട്ടു. ഇന്റര്‍പോളടക്കം തെരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇയാള്‍ക്ക് എതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.