ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനവിനു പിന്നാലെ ജനങ്ങളുടെ നടുവൊടിച്ച് വീണ്ടും വിലക്കയറ്റം. പാചകവാതകവില കുത്തനെ വര്‍ധിപ്പിച്ചാണ് വീണ്ടും ജനങ്ങളെ ദുരിതത്തിലാക്കിയത്.

ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹിക സിലിണ്ടറിന് 688 രൂപയും വാണിജ്യ സിലിണ്ടറിന് 1299.50 രൂപയുമായി വില ഉയര്‍ന്നു.

ആഗോളവിപണിയില്‍ ഇന്ധനവില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് വില ഉയര്‍ന്നതെന്നാണ് പാചകവാതക കമ്പനികളുടെ വിശദീകരണം. സബ്‌സിഡിയുള്ള ഉപഭോക്താക്കള്‍ക്ക് 190.66 രൂപ തിരികെ അക്കൗണ്ടിലെത്തും.

ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്റെ അവസാന ദിവസം അര്‍ദ്ധരാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇതനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നത്.

നേരത്തെ കര്‍ണാടക ഉപതെരഞ്ഞെടുപ്പിനു പിന്നാലെ തുടര്‍ച്ചയായി പതിനാറു ദിവസമാണ് ഇന്ധനവിലയില്‍ രാജ്യത്ത് വര്‍ധനവുണ്ടായത്. രാജ്യവ്യാപകമായി പ്രതിഷേധം കനത്തതോടെ ഒരു പൈസയാണ് ഇന്ധനവില ലിറ്ററിന് കുറച്ചത്.

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതിന് കേന്ദ്ര നിര്‍ദേശപ്രകാരം എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ തൊട്ടടുത്ത ദിവസം മുതല്‍ തുടര്‍ച്ചയായി വില കുത്തനെ കൂട്ടുകയായിരുന്നു.