ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവ് നേതൃത്വം കൊടുക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം. അഖിലേഷ് യാദവുമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സഖ്യത്തെക്കുറിച്ച് സംസാരിച്ചെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ തുടരുമെന്നും പി.സി.സി അധ്യക്ഷന്‍ കമല്‍നാഥ് പറഞ്ഞു. ബി.എസ്.പി നേതാവ് മായാവതി കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പുതിയ സഖ്യസാധ്യതകള്‍ തേടുന്നത്.

കോണ്‍ഗ്രസ് തങ്ങള്‍ ആവശ്യപ്പെട്ട സീറ്റുകള്‍ തരാത്തതിനാലാണ് ഒറ്റക്ക് മത്സരിക്കുന്നതെന്നായിരുന്നു മായാവതി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ബി.എസ്.പി ജയിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടതെന്ന് കമല്‍നാഥ് പറഞ്ഞു. ജയിക്കാന്‍ സാധ്യതയുള്ള സീറ്റുകള്‍ അവര്‍ ആവശ്യപ്പെട്ടതുമില്ല. ഇതാണ് തര്‍ക്കത്തിന് കാരണമായത്. ബി.എസ്.പി ഒറ്റക്ക് മത്സരിക്കുന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയല്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.