മുംബൈ: കമലാമില്‍സ് അപകടത്തിനു പിന്നാലെ മുംബൈയില്‍ വീണ്ടും തീപിടിത്തം. അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെയാണ് അപകടം. മാരോളിലെ മൈമൂണ്‍ ഫ്‌ളാറ്റിലാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഫ്‌ളാറ്റില്‍ കുടുങ്ങിക്കിടന്ന ഒമ്പതു പേരില്‍ നാലു പേരാണ് മരിച്ചത്. മറ്റുള്ളവരെ അഗ്നിരക്ഷാസേന പുറത്തെത്തിച്ചു.
കഴിഞ്ഞ 29ന് പുലര്‍ച്ചെ ലോവര്‍ പരേലിലെ കമലാമില്‍സിലെ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ പതിനാലു പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ പബിലെ രണ്ടു മാനേജര്‍മാരെ അറസ്റ്റു ചെയ്തിരുന്നു.