ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകളും മൂന്നുവയസ്സുകാരിയുമായ ഷെറിന്‍ മാത്യുസിന്റെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. മാതാപിതാക്കള്‍ ഷെറിനെ ബോധപൂര്‍വ്വം കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.

പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്ന മൊഴിയാണ് മലയാളി ദമ്പതികള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത് കള്ളമാണെന്നും കൊല്ലാനുദ്ദേശിച്ചുള്ള ആക്രമണത്തിലാണ് കുഞ്ഞിന്റെ ദാരുണാന്ത്യമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിച്ചാര്‍ഡ്‌സനിലെ വസതിയില്‍ നിന്ന് കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം 2017 ഒക്ടോബര്‍ 22നാണ് ഷെറിന്റെ മൃതദേഹം വീടിനു അരകിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തിയത്.

പാലു കുടിക്കാന്‍ വിസമ്മതിച്ചതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തു നിര്‍ത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു വെസ്‌ലി പൊലീസിനു മൊഴി നല്‍കിയത്. പിന്നീട് പാലു കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസം മുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിച്ചെന്നും പിന്നീട് മൊഴി മാറ്റി. സ്വന്തം കുഞ്ഞിനു വേണ്ടി ദത്തെടുത്ത കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്.

ഷെറിനും സ്വന്തം കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടില്‍ ലഭിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ദമ്പതികളുടെ കുഞ്ഞിനൊപ്പമുളള നിരവധി ചിത്രങ്ങള്‍ വീട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഷെറിനൊപ്പമുളള ഒറ്റ ചിത്രം പോലും ഉണ്ടായിരുന്നില്ല. നേരത്തെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്ന വെളിപ്പെടുത്തലുമായി ഷെറിനെ പരിശോധിച്ച ഡോക്ടറും രംഗത്തുവന്നിരുന്നു.

ക്രൂരമായ ശാരീരിക പീഡനം ഷെറിന്‍ ഏറ്റുവാങ്ങിയതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുണ്ടായിരുന്നത്. കുട്ടിയുടെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നുവെന്നുമാണ് ഷെറിനെ പരിശോധിച്ച ഡോക്ടര്‍ സൂസണ്‍ ദകില്‍ കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തിയത്.

2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്സ്റേകളിലാണ് ഷെറിന്റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ വെസ്‌ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ഡള്ളസ് ജയിലിലാണ്. ഷെറിന്‍ കാണാതാകുന്നതിന്റെ തലേന്നു കുട്ടിയെ വീട്ടില്‍ തനിച്ചാക്കി റസ്റ്റോറന്റില്‍ പോയി, കുട്ടിയെ അപായപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സിനിക്കെതിരെ ചുമത്തിയത്.
ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ഷെറിനെ വെസ്‌ലി-സിനി ദമ്പതികള്‍ ദത്തെടുത്തത്.