ചലച്ചിത്ര നടി അഹാനയെ കാണാന്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി പിടിയില്‍. തിരുവനന്തപുരം മരുതന്‍കുഴിയിലുള്ള നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് ആക്രമണശ്രമമുണ്ടായത്. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസിലുല്‍ അക്ബറാഖണ് അതിക്രമിച്ചു കയറാന്‍ ശ്രമം നടത്തിയത്. രാത്രി ഒമ്പതരയോടെ ഗേറ്റ് ചാടിക്കടന്ന യുവാവ് വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെയായിരുന്നു അതിക്രമം.

സംഭവം നടന്ന ഉടനെ വട്ടിയൂര്‍ക്കാവ് പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി ഫസിലൂളിനെ കസ്റ്റഡിയിലെടുത്തു. കൃഷ്ണകുമാറിന്റെ മകളും ചലച്ചിത്രതാരവുമായ അഹാനയെ കാണാന്‍ വന്നതാണെന്നാണ് ഫസിലുള്‍ പറയുന്നത്. അഹാന വീട്ടിലുണ്ടായിരുന്നില്ല.

പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ താല്‍പര്യമില്ലെന്ന് അറിയിച്ചെന്നാണ് പൊലീസ് പറയുന്നത്. മാനസിക അസ്വാസ്ഥ്യമോ ലഹരിക്കടിമയോ ആണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.