ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്‍ നേടിയ ഞെട്ടിക്കുന്ന വിജയത്തെ തുടര്‍ന്ന് അണ്ണാഡി.എം.കെയില്‍ നടപടികള്‍ തുടരുന്നു. ടി.ടി.വി ദിനകരനെ പിന്തുണച്ചതിന്റെ പേരില്‍ 44 പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. രണ്ടു പേരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. 44 പേരുടെ പാര്‍ട്ടി പ്രാഥമിക അംഗത്വം റദ്ദാക്കിയതായി എ.ഐ.എ.ഡി.എം.കെ കോഓഡിനേറ്റര്‍മാരായ ഒ പനീര്‍ശെല്‍വം, കെ പളനിസാമി എന്നിവര്‍ അറിയിച്ചു. ദിനകരനെ പിന്തുണച്ചതിന് നടപടി നേരിട്ടവരില്‍ മുന്‍ മേലൂര്‍ എം.എല്‍.എ ആര്‍ സാമിയും ഉള്‍പ്പെടും. മദുരൈ, വില്ലുപുരം, ധര്‍മപുരി, തിരുച്ചിറപ്പള്ളി, പെരാമ്പല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി തത്വങ്ങള്‍ക്കും അച്ചടക്കത്തിനും വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന് എ.ഐ.എ.ഡി.എം.കെ പ്രസ്താവനയിലൂടെ അറിയിച്ചു. ടിടിവി ദിനകരനുമായി ഒരു തരത്തിലും ബന്ധപ്പെടരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പളനിസാമി അറിയിച്ചു.


അതിനിടെ വികെ ശശികലയെ സന്ദര്‍ശിക്കാനായി ടി.ടി.വി. ദിനകരന്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെത്തി.

നേരത്തെ പാര്‍ട്ടി വിപ്പ് ലംഘിച്ചതിന് ഒമ്പത് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അണ്ണാഡി.എം.കെ നടപടി എടുത്തിരുന്നു. ദിനകരനെ പിന്തുണച്ച് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെയാണ് പാര്‍ട്ടി ശക്തമായ നടപടിയുമായി മുന്നോട്ടു വന്നത്.