രാജ്യത്തെ ടെലികോം മേഖലയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിക്കുന്നത്. നേരത്തെ വന്‍ പ്രതിസന്ധി നേരിട്ടിരുന്ന ചില കമ്പനികള്‍ മുന്നേറുകയും മറ്റുചിലത് കൂടുതല്‍ താഴോട്ടു പോകുകയും ചെയ്തു. ട്രായിയുടെ ഡിസംബറിലെ കണക്കുകള്‍ പ്രകാരം എയര്‍ടെല്‍ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. 2020 ഡിസംബറില്‍ തുടര്‍ച്ചയായ അഞ്ചാം മാസവും മാര്‍ക്കറ്റ് ലീഡര്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോമിനേക്കാള്‍ കൂടുതല്‍ മൊബൈല്‍ ഉപയോക്താക്കളെ എയര്‍ടെല്‍ സ്വന്തമാക്കി. അതേസമയം, വോഡഫോണ്‍ ഐഡിയ (വി) വിട്ടുപോകുന്ന ഉപഭോക്താക്കളില്‍ ഭൂരിഭാഗവും സ്വന്തമാക്കുന്നത് എയര്‍ടെലാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡിസംബറില്‍ മുകേഷ് അംബാനിയുടെ ജിയോ 4.7 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കിയപ്പോള്‍ സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള എയര്‍ടെല്‍ 40.5 ലക്ഷം വയര്‍ലെസ് വരിക്കാരെ നേടി മുന്നിട്ടുനിന്നു. അതേസമയം, വോഡഫോണ്‍ ഐഡിയയ്ക്ക് 57 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.

ഡിസംബറില്‍ എയര്‍ടെലിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 33.87 കോടിയായി. ഒന്നാം സ്ഥാനത്തുള്ള ജിയോയ്ക്ക് 40.87 കോടി വരിക്കാരുണ്ട്. വോഡഫോണ്‍ ഐഡിയയുടെ വരിക്കാര്‍ 28.42 കോടിയായി കുറയുകയും ചെയ്തു. സജീവ വരിക്കാരുടെ എണ്ണത്തിലും എയര്‍ടെല്‍ തന്നെയാണ് മുന്നില്‍. മൊബൈല്‍ നെറ്റ്വര്‍ക്കിലെ സജീവ വരിക്കാരുടെ എണ്ണം കാണിക്കുന്ന, വിസിറ്റര്‍ ലൊക്കേഷന്‍ റജിസ്റ്റര്‍ (വിഎല്‍ആര്‍) കണക്കുകള്‍ പ്രകാരം എയര്‍ടെലിന്റേത് 97.1 ശതമാനവും വിയുടേത് 90.26 ശതമാനവും ജിയോയുടേത് 80.23 ശതമാനവുമാണ്.