തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ വേണ്ടി ഇടപെട്ട മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം ശക്തം. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. തെരുവിലും പ്രതിഷേധം കത്തുകയാണ്. സഭ ആരംഭിച്ചതോടെ നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ച, മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

ഉച്ചയോടെ വീണ്ടും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തി. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമം നടന്നതോടെ പൊലീസ് നാല് തവണ ജലപീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ന്യായീകരിച്ചിരുന്നു.