ദോഹ: ന്യുയോര്‍ക്ക് ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ ആന്റ് ഫിലിം അവാര്‍ഡ്‌സില്‍ അല്‍ജസീറയ്ക്ക് സ്വര്‍ണമെഡല്‍ പുരസ്‌കാരം. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗത്തില്‍ അല്‍ജസീറയുടെ ഡിമാന്‍ഡ് പ്രസ് ഫ്രീഡം ക്യാമ്പയിനാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഏപ്രില്‍ പത്തിന് ലാസ് വെഗാസിലായിരുന്നു പുരസ്‌കാരദാന ചടങ്ങ് നടന്നത്.
സ്വര്‍ണ മെഡല്‍ ലഭിച്ചത് അല്‍ജസീറയ്ക്ക് ലഭിച്ച വലിയ ബഹുമതിയാണെന്ന് ഗ്ലോബല്‍ ബ്രാന്‍ഡ് ആന്റ് കമ്യൂണിക്കേഷന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അല്‍ നജ്ജാര്‍ പറഞ്ഞു. അല്‍ജസീറ അടച്ചുപൂട്ടണമെന്ന ഉപരോധ രാജ്യങ്ങളുടെ ആവശ്യത്തിനെതിരായിട്ടായിരുന്നു പത്രസ്വാതന്ത്ര്യം ഉയര്‍ത്തിക്കാട്ടി അല്‍ജസീറ പ്രത്യേക ക്യാമ്പയിന് തുടക്കംകുറിച്ചത്. പത്രസ്വാതന്ത്ര്യത്തിന്റെ ആവശ്യകത അംഗീകരിക്കുന്നതാണ് അല്‍ജസീറയ്ക്ക് ലഭിച്ച പുരസ്‌കാരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിഭാധനരും പുരസ്‌കാരജേതാക്കളുമായ ഡയറക്ടര്‍മാര്‍, നിര്‍മാതാക്കള്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ചേര്‍ന്നാണ് ന്യുയോര്‍ക്ക് രാജ്യാന്തര ടെലിവിഷന്‍ ഫിലിം പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നത്.