ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം ആഴ്‌സനല്‍ 3-2 ന് ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി. പക്ഷേ ഗണ്ണേഴ്‌സ് വിജയത്തെക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ക്ലബിനായി വിജയ ഗോള്‍ നേടിയ അലക്‌സി സാഞ്ചസിന്റെ ആഹ്ലാദ പ്രകടനം. ചിലിക്കാരന്‍ ഗോള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ട് സഹതാരങ്ങള്‍ മാത്രമാണ് അദ്ദേഹത്തെ അനുമോദിക്കാനെത്തിയത്. ബാക്കിയെല്ലാവരും ഗോള്‍ നേട്ടക്കാരനെ കണ്ട ഭാവം നടിച്ചില്ല.

 

മല്‍സരത്തിന്റെ ടെലിവിഷന്‍ കമന്റേറ്ററായ മുന്‍ ഗണ്ണേഴ്‌സ് താരം തിയറി ഹെന്‍ട്രി ഈ കാഴ്ച്ച കണ്ട് പരസ്യമായി പറയുകയും ചെയ്തു-ടീമില്‍ ഗ്രൂപ്പിസമുണ്ടെന്ന്. ഗോള്‍ നേടിയിട്ടും തന്നെ അനുമോദിക്കാന്‍ മറ്റ് താരങ്ങള്‍ വരാത്തത്തിലുളള നിരാശ പരസ്യമാക്കാന്‍ സാഞ്ചസും മറന്നില്ല. സാധാരണ ഗോള്‍ നേടിയാല്‍ താരങ്ങളെല്ലാം ഗോള്‍ നേട്ടക്കാരനെ അനുമോദിക്കാന്‍ ഓടിയെത്താറുണ്ട്. എന്നാല്‍ സാഞ്ചസിനെ അനുമോദിക്കാന്‍ രണ്ട് പേര്‍ മാത്രം വന്നപ്പോള്‍ സാഞ്ചസ് തന്നെ മറ്റ് താരങ്ങളെ വിളിക്കുന്ന ദൃശ്യമുണ്ട്. പക്ഷേ അധികമാരും അദ്ദേഹത്തെ മൈന്‍ഡ് ചെയ്ത് പോലുമില്ല. ഈ രംഗങ്ങള്‍ കണ്ട് ക്ഷുഭിതനായ തിയറി ഹെന്‍ട്രി ചോദിക്കുന്നുണ്ട്-എന്താണ് നിങ്ങള്‍ സാഞ്ചസിനെ അനുമോദിക്കാത്തത്… നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് കളിക്കുന്നത്… ക്ലബിനോ അതോ സാഞ്ചസിനോ….? പക്ഷേ വിവാദത്തില്‍ ആഴ്‌സനല്‍ മാനേജ്‌മെന്റ്് പ്രതികരിച്ചിട്ടില്ല.