കോഴിക്കോട്: ശാസ്ത്രത്തോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം നിരന്തരമായ പഠന പരീക്ഷണങ്ങളിലൂടെ കരയിലും കടലിലും തന്റെതായ കണ്ടുപിടുത്തങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞന്‍ അലി മണിക്ഫാന്‍ രാജ്യത്തിന്റെ ആദരം. ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കാരം നല്‍കിയാണ് രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങള്‍ ഔദ്യോഗികമായി നേടിയപ്പോള്‍ ആകാശവും അതിന് താഴെയുള്ള വിശാല ലോകവും പാഠശാലയാക്കി മണിക്ഫാന്‍ കണ്ടുപിടുത്തങ്ങളുടെ പുതിയ ലോകം സൃഷ്ടിക്കുകയായിരുന്നു.

ഭൂമിയെ പച്ചപ്പിലാക്കി കാര്‍ഷിക സമൃദ്ധിയിലേക്ക് മനുഷ്യനെ നയിക്കുന്ന ഒരു നല്ല കൃഷിക്കാരന്‍, കടലിന്റെ സൗന്ദര്യത്തെ നുകരുക എന്നതിന് പകരം അതിന്റെ ആഴവും അതിലെ സാധ്യതകളും തിരയുന്ന ഗവേഷകന്‍, മനുഷ്യന്റെ താമസസ്ഥലങ്ങളെ കുറിച്ച് പ്രകൃതിദത്തമായ കാഴ്ചപ്പാടിലൂടെ സ്വന്തം ഇടത്തെ പണിക്കെടുത്ത് പരീക്ഷണത്തിന്റെ ശിലയൊരുക്കുക, പരമ്പരാഗത രീതികളിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അടര്‍ത്തിമാറ്റി ഗവേഷണ സാധ്യതകളേയും വ്യത്യസ്ത ഭാഷാ പഠനങ്ങളേയും പരിചയിക്കുന്ന സര്‍ഗാത്മകമായ ഒരു സിലബസ് രീതി, ചന്ദ്രസഞ്ചാരത്തിന്റെ ദിശയറിഞ്ഞ് ദിവസവും മാസവും അടയാളപ്പെടുത്തി ലോകത്തെ പഠിപ്പിക്കുന്ന അധ്യാപകന്‍, ഇങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പരന്നു കിടക്കുന്നതാണ് മണിക്ഫാന്റെ ഗവേഷക ലോകം.

ശാരീരിക ഭാഷയും വേഷവും കൊണ്ട് വ്യത്യസ്തനായ, മെലിഞ്ഞുണങ്ങിയ ഈ മനുഷ്യന്റെ സര്‍ഗാത്മകത അളക്കാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷേ അളവ് കോല്‍ പരാജയപ്പെടും. ജീവിതത്തിന്റെ ഏഴര പതിറ്റാണ്ട് കാലത്തെ അനുഭവത്തെ അത്രവേഗം അളന്ന് കുറിക്കാന്‍ കഴിയില്ല. അത്രയ്ക്കുണ്ട് തലപ്പാവ് വെച്ച് അറബ് വേഷമായ അബായ ധരിച്ച് താടി വെച്ച ഈ പച്ച മനുഷ്യന്റെ പ്രതിഭ. സൗദി, ഒമാന്‍, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്ക്കകത്ത് ജെ.എന്‍.യു പോലുള്ള നിരവധി കലാലയങ്ങളിലും തന്റെ പഠനഗവേഷണങ്ങളെ അടയാളപ്പെടുത്തുമ്പോഴും സൗമ്യനായ ഈ മനുഷ്യന്‍ തന്റെ പഠനങ്ങളുമായി മുന്നോട്ട് പോവുകയാണ്.