ദോഹ: ഫലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് പരിഹാരമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ദോഹയില്‍ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലാണ് അമീര്‍ ഇതു സംബന്ധിച്ച കുറിപ്പിട്ടത്. പ്രശ്‌ന പരിഹാരത്തിനായി ഖത്തര്‍ അമീര്‍ നടത്തുന്ന ശ്രമങ്ങളെ മഹ്മൂദ് അബ്ബാസ് പ്രശംസിച്ചു.

കിഴക്കന്‍ ജറൂസലേം ആസ്ഥാനമായ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം മാത്രമാണ് പ്രശ്‌ന പരിഹാരത്തിനുള്ള ഏക പോംവഴി. അന്താരാഷ്ട്ര പദ്ധതിക്കും പ്രമേയങ്ങള്‍ക്കും അനുസൃതമായി അതു നടപ്പില്‍ വരേണ്ടതുണ്ട്. ഫലസ്തീന്‍ ജനതയ്ക്ക് ഖത്തര്‍ എല്ലാ വിധ പിന്തുണയും നല്‍കും- അമീര്‍ വ്യക്തമാക്കി. അമീരി ദിവാനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചര്‍ച്ചയായി.

നേരത്തെ, യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച വേളയിലും ഖത്തര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര ഫലസ്തീന്‍ വേണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം മാത്രമേ ജൂത രാഷ്ട്രവുമായുള്ള ബന്ധം ഉണ്ടാകൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

യുഎന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ അല്‍യ അഹ്മദ് ബിന്‍ സെയ്ഫ് അല്‍ ഥാനി ഐക്യരാഷ്ട്ര സഭയിലും ഇക്കാര്യം അറിയിച്ചിരുന്നു. കിഴക്കന്‍ ജറൂസലേം തലസ്ഥാനമായ 1967ലെ അതിര്‍ത്തികളോട് കൂടിയ സ്വതന്ത്ര ഫലസ്തീന്‍ എന്ന ആശയമാണ് ഖത്തര്‍ മുമ്പോട്ടു വയ്ക്കുന്നത്. ജൂലാന്‍ കുന്നുകള്‍ അടക്കം ഇസ്രയേല്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ തിരികെ നല്‍കണമെന്നും ആവശ്യമുണ്ട്.

ഫലസ്തീന് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം എത്തിക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് ഖത്തര്‍. വിദ്യാഭ്യാസം, വൈദ്യുതി, അടിസ്ഥാന സൗകര്യം, ഭവനം, നിര്‍മാണം, തൊഴില്‍ സഹായം എന്നീ മേഖലയില്‍ എല്ലാം ഖത്തര്‍ ഫലസ്തീന് സാമ്പത്തികമായ പിന്തുണ നല്‍കുന്നുണ്ട്. രാജ്യത്തെ മാനുഷിക പ്രതിസന്ധിയില്‍ മാത്രം ഈ വര്‍ഷം ഇതുവരെ ഖത്തര്‍ അമീര്‍ 150 മില്യണ്‍ യുഎസ് ഡോളറാണ് ഫലസ്തീന് കൈമാറിയത്.