അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾക്കുള്ള ഓൺലൈൻ പോർട്ടലായ അബ്ഷിർ ആപ്പ്ളിക്കേഷന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ആവശ്യമായ എല്ലാ സേവനങ്ങളും അബ്ഷിർ വഴിയാണ് ലഭ്യമാക്കുന്നത്. ഐ ഫോണിലും ആൻഡ്രോയിഡിലും ലഭ്യമാകുന്ന വിധം കൂടുതൽ എളുപ്പമുള്ളതും മറ്റു സേവനങ്ങൾ കൂടി ഉൾപെടുത്തിയുമാണ് പരിഷ്കരിച്ച ആപ്പ് ജനങ്ങളിലേക്കെത്തുന്നത്. 280 സേവനങ്ങളാണ് അബ്ഷിർ മൂന്ന് പ്ലാറ്റുഫോമുകളിലൂടെ നൽകുന്നത്. അബ്ഷിർ ഇന്റിവിജ്വൽസ്, അബ്ഷിർ ബിസിനസ്സ്, അബ്ഷിർ ഗവർമെന്റ് എന്നീ മേഖലകളിലാണ് ഇത്രയും സേവനങ്ങൾ ലഭ്യമാവുക.

നിമിഷ നേരം കൊണ്ട് തന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്ന ഈ സംവിധാനം നിലവിൽ വന്നതോടെ രാജ്യത്തെ ജവാസാത്തുകളിലും മറ്റു ആഭ്യന്തര മന്ത്രാലയ സർവീസുകളിലും ജനത്തിരക്ക് തീരെ കുറഞ്ഞിരുന്നു.

ഓഫീസുകളെ ആശ്രയിക്കാതെ വ്യക്തികൾക്ക് തന്നെ തങ്ങളുടെ നിയമപരമായ ആവശ്യങ്ങൾ യുസർ നൈമും പാസ്‌വേറ്‍ടും ഉപയോഗിച്ച് കുറഞ്ഞ സമയത്തിനകം ചെയ്തു തീർക്കാൻ കഴിഞ്ഞതോടെ ഗവണ്മെന്റ് ആഫീസുകളിലെ നീണ്ട ക്യു അപ്രത്യക്ഷമായിരുന്നു. 2030 വിഷന്റെ ഭാഗമായി രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കും ആയാസരഹിതമായി നടപടികൾ പൂർത്തീകരിക്കാൻ കഴിയുന്ന ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ തേടുകയാണ് സഊദി.