ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്കും മകന്‍ ജെയ് ഷാക്കുമെതിരെ പുതിയ റിപ്പോര്‍ട്ടുമായി ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ദ വയര്‍. ജെയ് ഷായുടെ കമ്പനികളുടെ വരുമാന വര്‍ധന സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ദ വയറിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നില നില്‍ക്കെയാണ് ഓണ്‍ലൈന്‍ മാധ്യമം ഇരുവര്‍ക്കുമെതിരെ പുതിയ വാര്‍ത്ത പുറത്തുവിട്ടത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്ത് അമിത് ഷായും മകന്‍ ജെയ് ഷായും തുടരുന്നത് സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.

നിലവില്‍ അമിത് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടും ജെയ് ഷാ ജോയിന്റ് സെക്രട്ടറിയുമാണ്. ഷാ കുടുംബത്തിന്റെ ഭരണമാണ് ക്രിക്കറ്റ് അസോസിയേഷനില്‍ നടക്കുന്നത്. ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ബി.സി.സി. ഐയിലും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിലും തുടര്‍ച്ചയായി മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഭാരവാഹികളായി ഇരിക്കാന്‍ പാടില്ല. അഥവാ വീണ്ടും തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ മൂന്നു വര്‍ഷത്തെ കൂളിങ് ഓഫ് പിരീഡ് (ഇടവേള) പാലിച്ചിരിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അമിത് ഷാ കഴിഞ്ഞ എട്ടു വര്‍ഷമായി ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയാണ്. (2009 മുതല്‍ 2014 വരെ വൈസ് പ്രസിഡണ്ടും 2014 മുതല്‍ പ്രസിഡണ്ടും). 2013ല്‍ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജെയ് ഷായും പദവിയില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിക്കഴി ഞ്ഞു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇരുവരും നിലവില്‍ പദവിയില്‍ തുടരാന്‍ അര്‍ഹരല്ല. എന്നാല്‍ കോടതി നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ഇരുവരും പദവികളില്‍ കടിച്ചൂതൂങ്ങുന്നതെന്നും ദ വയര്‍് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. മാനനഷ്ടക്കേസ് സംബന്ധിച്ച ഹര്‍ജി പരഗിണിച്ച ഗുജറാത്ത് കോടതി, ജെയ് ഷായുടെ ആസ്തി വര്‍ധനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്നന് പത്ര, ദൃശ്യ മാധ്യമങ്ങളെ വിലക്കിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മറ്റൊരു വിഷയത്തില്‍ ഇരുവര്‍ക്കുമെതിരെ വാര്‍ത്ത പുറത്തുവിട്ട് ദ വയര്‍ തിരിച്ചടിച്ചത്. മാനനഷ്ടക്കേസ് കാണിച്ച് ഭയപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കു ന്നത് കൂടിയാണ് ദ വയറിന്റെ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.

റിപ്പോര്‍ട്ടര്‍ക്കും എഡിറ്റര്‍ക്കും നോട്ടീസ്

അഹമ്മദാബാദ്: ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ വരുമാന വര്‍ധന സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ദ വയറിന്റെ റിപ്പോര്‍ട്ടര്‍ക്കും എഡിറ്റര്‍ക്കും കോടതി നോട്ടീസ് അയച്ചു. ജെയ് ഷാ സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് എസ്.കെ ഗാദ്‌വിയുടെ നടപടി. മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ എത്തിയ ശേഷം ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളുടെ വരുമാനത്തില്‍ 16,000 മടങ്ങ് വര്‍ധനയുണ്ടായെന്നായിരുന്നു ദ വയറിന്റെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ രോഹിണി സിങ്, സ്ഥാപക എഡിറ്റര്‍മാരായ സിദ്ദാര്‍ത്ഥ് വരദരാജന്‍, സിദ്ധാര്‍ത്ഥ് ഭാട്ടിയ, എം.കെ വേണു, മാനേജിങ് എഡിറ്റര്‍ മനോബിന ഗുപ്ത, പബ്ലിക് എഡിറ്റര്‍ പമീള ഫിലിപ്പോസ്, പ്രസാധകരായ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് ജേര്‍ണലിസം എന്നിവരെ പ്രതിചേര്‍ത്താണ് ജെയ് ഷാ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്. കേസിലെ എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെ, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നാണ് അഭിഭാഷകനായ യെസ്.വി രാജു മുഖാന്തിരം സമര്‍പ്പിച്ച മാനനഷ്ട ഹര്‍ജിയില്‍ ജെയ്ഷാ ആരോപിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വിവാദമായിരു ന്നു.