കോഴിക്കോട്: സ്ത്രീവിരുദ്ധ നിലപാടുകള്‍ തുടരുന്ന അമ്മ പിരിച്ചു വിടണമെന്ന് ഡോ. എം.എന്‍ കാരശ്ശേരി. സാഹിത്യ അക്കാദമിയും ബാങ്കമെന്‍സ് ക്ലബ്ബും ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീത്വത്തിന് നിലയും വിലയുമില്ലാത്ത കാലമായി മാറുകയാണ്. ചലചിത്ര പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട സംഘടന നടിയുടെ പരാതി പോലും സ്വീകരിക്കാത്ത തരത്തില്‍ സ്ത്രീ വിരുദ്ധ നിലപാടാണ് തുടരുന്നത്. സ്ത്രീകള്‍ അരക്ഷിതാവസ്ഥയിലാണ്. ഇതിനെതിരെ പ്രതികരിക്കേണ്ട മലയാളികള്‍ മരവിപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

മികച്ച കോളജ് മാഗസിനുകള്‍ക്കുള്ള ബഷീര്‍ പുരസ്‌കാരം എം.എന്‍ കാരശ്ശേരിയും കെ.ഇ.എനും സമ്മാനിച്ചു. കണ്ണൂര്‍ സര്‍വകലാശാലയും മഹാരാജാസ് കോളജും മലയാളം സര്‍വകലാശാലയും ഒന്നും രണ്ടും മുന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. നാലു മാഗസിനുകള്‍ പ്രോല്‍സാഹന സമ്മാനം നേടി. ബാങ്ക്‌മെന്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.ജെ തോമസ് അധ്യക്ഷത വഹിച്ചു.