ലക്‌നൗ: സുഹൃത്തിന് ഓക്‌സിജന്‍ എത്തിക്കാന്‍ 24 മണിക്കൂറിനിടെ യുവാവ് താണ്ടിയത് 1300 കിലോമീറ്റര്‍. ഉത്തര്‍പ്രദേശിലുള്ള രാജന്‍ എന്ന സുഹൃത്തിനു വേണ്ടിയാണ് ദേവേന്ദ്ര കുമാര്‍ ശര്‍മ എന്ന യുവാവ് ഇത്രയധികം ദൂരം താണ്ടി ഓക്‌സിജന്‍ എത്തിച്ചത്.

കോവിഡ് സ്ഥിരീകരിച്ച രാജന് അടിയന്തിരമായി ഓക്‌സിജന്‍ ആവശ്യമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുന്ന അവസ്ഥ. രാജന്റെ ഭയവും പരിഭ്രാന്തിയും നിറഞ്ഞ ഫോണ്‍ എത്തിയ ഉടന്‍ ദേവേന്ദ്ര കുമാര്‍ ബൈക്കുമെടുത്ത് പുറപ്പെട്ടു. പലരോടും അന്വേഷിച്ചു. ഒടുവില്‍ ഝാര്‍ഖണ്ഡിലെ ഒരു ഗ്യാസ് പ്ലാന്റില്‍ നിന്നും ഓക്‌സിജന്‍ ലഭിച്ചു, അതും സൗജന്യമായി.

ഓക്‌സിജന്‍ സിലിണ്ടറുമായി ദേവേന്ദ്ര കുമാറിന് യാത്ര ചെയ്യേണ്ടിയിരുന്നത് 1300 കിലോമീറ്ററാണ്. ഒരു കാര്‍ വാടകയ്ക്ക് എടുക്കുകയാണ് ദേവേന്ദ്ര പിന്നീട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തി രാജന് പ്രാണവായു എത്തിച്ചു. രാജന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.