തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോസ്റ്റുമാര്‍ട്ടം ആവശ്യപ്പെട്ട് ബന്ധുക്കള്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കി. മരണത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മറുപടിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.

രാവിലെ അമ്പലത്തില്‍ പോയതാണ്. അവിടെനിന്നാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും ആശുപത്രികളില്‍ എത്തിച്ചു. അവിടെനിന്നാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും ബന്ധു പ്രഫുല്ല ചന്ദ്രന്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ തന്നെ സംസ്‌കാരം നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യ മായയുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടതിനാലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് പോലീസിന്റെ വിശദീകരണം.