ബാഹുബലി 2ന്റെ വിജയത്തിന് ശേഷം ചിത്രത്തിലെ താരങ്ങളായ പ്രഭാസും അനുഷ്‌കയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന് പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചിച്ചിരുന്നു. പ്രഭാസിന്റേയും അനുഷ്‌കയുടേയും വിവാഹനിശ്ചയം ഡിസംബറില്‍ നടക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം ഉടന്‍തന്നെ ഔഗ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ വിവാഹനിശ്ചയവാര്‍ത്ത തള്ളിക്കളഞ്ഞ് പ്രഭാസ് രംഗത്തെത്തി. 9വര്‍ഷത്തോളമായി ഞങ്ങള്‍ക്ക് പരസ്പരം അറിയാമെന്ന് പ്രഭാസ് പറഞ്ഞു. അനുഷ്‌ക കുടുംബ സുഹൃത്താണ്. എന്നാല്‍ അതില്‍ കവിഞ്ഞൊന്നും ഇല്ലെന്നായിരുന്നു പ്രഭാസിന്റെ പ്രതികരണം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് തന്റെ സ്വകാര്യജീവിതം ചര്‍ച്ച ചെയ്യുന്നതിലുള്ള എതിര്‍പ്പും പ്രകടിപ്പിച്ചു.

ബാഹുബലി 2ന്റെ വിജയത്തിന് ശേഷം അഭിമുഖങ്ങളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നതാണ് പ്രണയഗോസിപ്പുകളുടെ ആക്കം കൂട്ടിയത്. അടുത്തിടെ, ഹൈദരാബാദിലെ സ്വകാര്യ ചടങ്ങില്‍ ബോളിവുഡ് താരം രവീണ ടണ്ടനൊപ്പം ഇരുവരും പങ്കെടുത്തിരുന്നു. ബില്ല്, മിര്‍ച്ചി എന്നിവയാണ് ബാഹുബലിക്ക് മുമ്പ് താരങ്ങള്‍ ഒന്നിച്ചഭിനയിച്ച ചിത്രം.