തിരുവനന്തപുരം: ജയില്‍ ഡി.ഐ.ജി പ്രദീപിനൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ വിശദീകരണവുമായി സീരിയല്‍ നടി അര്‍ച്ചനാസുശീലന്‍.

തന്നെ അറസ്റ്റു ചെയ്തുവെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില ചാനലുകളിലൂടെയും വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിഞ്ഞത്. അതുകൊണ്ടാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ വ്യക്തമാക്കാന്‍ തീരുമാനിച്ചതെന്ന് അര്‍ച്ചന പറയുന്നു. താനിപ്പോള്‍ വീട്ടിലാണ്. തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ല്. തന്റെ അച്ഛന്‍ റിട്ടയേഡായ പോലീസ് കമാന്‍ഡന്റാണ്. അച്ഛന്റെ സുഹൃത്താണ് ഡി.ഐ.ജി പ്രദീപ് സാര്‍. ഒരു ഔദ്യോഗിക പരിപാടിക്ക് വേണ്ടി ക്ഷണിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം കാറില്‍ യാത്ര ചെയ്തിരുന്നു. കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്തത്. അടുപ്പമുള്ളതിനാല്‍ കൊണ്ടുവിടാമെന്ന് സാര്‍ പറയുകയായിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റായ രീതിയിലാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. വ്യക്തമല്ലാത്ത വസ്തുതകള്‍ നിരത്തി ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. അഭിനേതാക്കളാണെങ്കില്‍ ചാനല്‍റേറ്റ് കൂടുമെന്ന് കരുതുകയാണെന്നും അവര്‍ മാധ്യമങ്ങളെ വിമര്‍ശിച്ചു.

17522998_1170245063084773_4433029862478040322_n

നേരത്തേയും മറ്റൊരു പെണ്‍കുട്ടി അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചിരുന്നു. എന്തുകൊണ്ടാണ് വസ്തുതകള്‍ നോക്കാതെ വാര്‍ത്തകള്‍ നല്‍കുന്നതെന്ന് അറിയില്ലെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്ര ചെയ്തുവെന്നായിരുന്നു ഡി.ഐ.ജി പ്രദീപിനെതിരെ ഉയര്‍ന്നുവന്നത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് ജയില്‍ മേധാവി ആര്‍ ശ്രീലേഖ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവവുമായി ബന്ധപ്പെട്ട് നടി അര്‍ച്ചനയുടെ പേര് ഉയര്‍ന്നുവന്നത്.