ലണ്ടന്‍: ജനുവരിയിലെ ട്രാന്‍സ്ഫര്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നേട്ടമുണ്ടാക്കിയത് ഇംഗ്ലീഷ് വമ്പന്മാരായ ആര്‍സനല്‍. സൂപ്പര്‍ താരം അലക്‌സി സാഞ്ചസിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വില്‍ക്കേണ്ടി വന്നെങ്കിലും രണ്ട് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ഗണ്ണേഴ്‌സിനായി. സാഞ്ചസിനു പകരമായി മിഡ്ഫീല്‍ഡര്‍ ഹെന്റിക് മിഖത്രായനെ യുനൈറ്റഡ് കൈമാറിയപ്പോള്‍, ബൊറുഷ്യ ഡോട്മുണ്ടില്‍ നിന്ന് പിയറി എമ്രിക് ഓബമിയാങിനെ അവസാന ദിവസം ആര്‍സീന്‍ വെങറുടെ ടീം എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലെത്തിച്ചു. അതിനൊപ്പം മിഡ്ഫീല്‍ഡര്‍ മസൂദ് ഓസിലുമായി 2021 വരെയുള്ള പുതിയ കരാറില്‍ ഒപ്പുവെപ്പിക്കാന്‍ കഴിഞ്ഞതും ലണ്ടന്‍ ടീമിന് നേട്ടമായി.

ക്ലബ്ബ് റെക്കോര്‍ഡ് തുകയായ 56 ദശലക്ഷം പൗണ്ടിനാണ് ഓബമിയാങിനെ ആര്‍സനല്‍ സ്വന്തമാക്കിയത്. ഗാബോണ്‍ ദേശീയ താരമായ ഓബമിയാങ് ബുണ്ടസ് ലിഗ സീസണില്‍ 13 ഗോള്‍ നേടി സ്‌കോറര്‍മാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. സീസണില്‍ പ്രതീക്ഷിച്ച മികവ് പുലര്‍ത്താന്‍ കഴിയാത്ത ആര്‍സനലിന്റെ ആക്രമണത്തിന് ഓബമിയാങിന്റെ വരവ് മൂര്‍ച്ച പകരുമെന്നാണ് കരുതുന്നത്.

ആര്‍സനല്‍ – ഡോട്മുണ്ട് – ചെല്‍സി ട്രാന്‍സ്ഫര്‍ ത്രികോണത്തിന്റെ ഭാഗമായാണ് ഓബമിയാങിന്റെ ലണ്ടനിലേക്കുള്ള വരവ്. താരത്തിനു പകരം ചെല്‍സിയില്‍ നിന്ന് മിച്ചി ബാത്ഷുവായിയെ ഡോട്മുണ്ട് വാങ്ങുന്നത്. അതേസമയം, ആര്‍സനല്‍ താരം ഒലിവര്‍ ജിറൂദ് ചെല്‍സിയിലേക്കും കൂടുമാറുന്നുണ്ട്.

സാഞ്ചസിനൊപ്പം ക്ലബ്ബ് വിട്ടേക്കുമെന്ന സൂചനയുണ്ടായിരുന്ന മിഡ്ഫീല്‍ഡര്‍ മസൂദ് ഓസില്‍ അവസാന ദിനത്തിലാണ് പുതിയ കരാറില്‍ ഒപ്പുവെച്ചത്. പ്രതിവാരം 350,000 പൗണ്ട് എന്ന റെക്കോര്‍ഡ് പ്രതിഫലത്തിനാണ് 29-കാരനായ ഓസില്‍ പുതിയ കരാറില്‍ ഒപ്പിട്ടത്. ഈ സീസണ്‍ അവസാനത്തോടെ കരാര്‍ അവസാനിക്കാതിരുന്ന ജര്‍മന്‍ താരം ഇതോടെ, ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ആര്‍സനല്‍ താരമാവും.