kerala

മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; രൂക്ഷ വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്

By webdesk18

February 14, 2025

കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളത്തിന്റെ മോഷം പ്രകടനത്തിന് ഉത്തരവാദികള്‍ മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയിരിക്കുകയാണ്. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞതെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ദേശീയ ഗെയിംസില്‍ 14ാം സ്ഥാനവുമായാണ് കേരളം ഉത്തരാഖണ്ഡില്‍ നിന്ന് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചതിന് ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.