തിരുവനന്തപുരം : നിയസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചു. കാര്യോപദേശക സമിതിയാണ് തീരുമാനമെടുത്തത്. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നല്‍കിയ പ്രമേയം 21 ന് സഭ ചര്‍ച്ച ചെയ്യും. 22 ന് സഭ പിരിയാനും തീരുമാനിച്ചിട്ടുണ്ട്.

ഡോളര്‍ കടത്തില്‍ ആരോപണ വിധേയനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ആ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എം ഉമ്മറാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇത് 21 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

രണ്ടു മണിക്കൂറാണ് ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചിട്ടുള്ളത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യല്‍ പ്രമേയം സഭയുടെ ചര്‍ച്ചയ്ക്ക് വരുന്നത്.

നേരത്തെ ഈ മാസം 28 വരെ സഭ സമ്മേളിക്കാനാണ് തീരുമാനിച്ചിരുന്നത്. നന്ദിപ്രമേയ ചര്‍ച്ചയും ബജറ്റ് ചര്‍ച്ചയും വെട്ടിചുരുക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.