കോഴിക്കോട്: ദിവസേനെ പിന്‍വലിക്കാവുന്ന എ.ടി.എം പരിധി 2500രൂപയാണെന്നിരിക്കെ പഞ്ചാബ് നാഷണല്‍ ബാങ്ക് സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ഇടപാടുകാരന് 4000രൂപ നഷ്ടമായതായി പരാതി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കെ.എം അക്ബറിന്റെ അക്കൗണ്ടില്‍ നിന്നാണ് ഞായറാഴ്ച പുലര്‍ച്ചെ 2.30ന് മൂന്ന് തവണയായി രണ്ടായിരം രൂപവീതം പിന്‍വലിച്ചതായി ബാങ്ക് രേഖകളില്‍ നിന്ന് വ്യക്തമായത്.

ഇതില്‍ രണ്ടായിരം രൂപമാത്രമാണ് ഇടപാടുകാരന്‍ പിന്‍വലിച്ചത്. കോഴിക്കോട് എസ്.ബി.ടി മെയ്ന്‍ ബ്രാഞ്ചിലെ എ.ടി.എമ്മില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ശനിയാഴ്ച രാത്രി 8.29ന്, 500രൂപ പിന്‍വലിച്ചപ്പോള്‍ അക്കൗണ്ട് ബാലന്‍സ് 27,753 രൂപയായിരുന്നു. എന്നാല്‍ ഞായറാഴ്ച 2000 രൂപ പിന്‍വലിച്ചപ്പോഴാകട്ടെ അക്കൗണ്ട് ബാലന്‍സ് 21753 രൂപയായി കുറഞ്ഞു. ആറായിരം രൂപയുടെ മാറ്റം.

ഇന്നലെ രാവിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് ബ്രാഞ്ച് ഓഫീസിലെത്തിയ അക്കൗണ്ട് ഉടമയോട് രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞ് ബാങ്ക് മാനേജര്‍ തിരിച്ചയക്കുകയായിരുന്നു. അക്കൗണ്ട് പരിശോധിച്ചതില്‍ പണം പിന്‍വലിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പരമാവവധി പിന്‍വലിക്കാവുന്ന തുക 2500 രൂപയാണെന്നിരിക്കെ രണ്ട് തവണയായി രണ്ടായിരം രൂപ എങ്ങനെനഷ്ടമായെന്ന കാര്യത്തില്‍ ഇവര്‍ക്കും വ്യക്തതയുണ്ടായില്ല. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ നഷ്ടമായ 4000 രൂപ തിരികെലഭിക്കാനായി ഇനിയും ബാങ്കില്‍ കയറിയിറങ്ങേണ്ട സ്ഥിതിയിലാണ് അക്കൗണ്ട് ഉടമ അക്ബര്‍.