X
    Categories: MoreViews

പിന്‍വലിക്കാവുന്ന തുക ഉയര്‍ത്തിയിട്ടെന്ത്? എടിഎമ്മുകള്‍ ഇപ്പോഴും ഇങ്ങനെയാണ്

മുംബൈ: എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 4500 രൂപയാക്കി ഉയര്‍ത്തിയെങ്കിലും രാജ്യത്തെ പല എടിഎമ്മുകളിലും ഇപ്പോഴും പണമില്ല. എടിഎമ്മുകളില്‍ നിറക്കുന്നതിനേക്കാളും ബാങ്കുകള്‍ മുന്‍ഗണന നല്‍കുന്നത് സ്വന്തം ബ്രാഞ്ചുകളിലൂടെ പണം നല്‍കാനാണ്. മുന്തിയ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം രാജ്യത്തെ 30ശതമാനത്തിലധികം എടിമ്മുകള്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്ന് എടിഎം ഇന്‍ഡസ്്ട്രി കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് സഞ്ജീവ് പട്ടേല്‍ പറഞ്ഞു.

20 ശതമാനം അതായത് 2.2ലക്ഷം എടിഎമ്മുകളില്‍ മാത്രമാണ് ദിവസവും പണം നിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കലിന് മുമ്പ് 7-8 ലക്ഷം രൂപ വരെ ദിനംപ്രതി എടിഎമ്മുകളില്‍ നിറക്കാറുണ്ടെങ്കില്‍ ഇപ്പോഴത് 2-3ലക്ഷമായി ചുരുങ്ങി. ബാങ്കുകളില്‍ എസ്ബി.ഐ മാത്രമാണ് സ്ഥിരമായി എടിഎമ്മുകളില്‍ പണം നിറക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ എടിഎമ്മുകളെക്കാള്‍ മുന്‍ഗണന നല്‍കുന്നത് ബ്രാഞ്ചുകളിലൂടെ പണം നല്‍കാനാണ്. 2500 പിന്‍വലിക്കാന്‍ പറ്റുന്ന സമയത്ത് തന്നെ കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് 4500 ലഭിക്കുന്നതെന്നാണ് പൊതുജനങ്ങളുടെ ചോദ്യം.

പുതിയ അഞ്ഞൂറ് രൂപയുടെ നോട്ട് എടിഎമ്മുകളിലൂടെ നല്‍കണമെന്ന നിര്‍ദ്ദേശം മാത്രമാണ് ഈ രംഗത്ത് ആശ്വസിക്കാന്‍ വകയുള്ളത്. അതേസമയം രണ്ടായിരത്തിന്റെ നോട്ടുകളാണ് എടിഎമ്മിലൂടെ ലഭിക്കുന്നതെങ്കില്‍ പിന്‍വലിക്കാതെ മടങ്ങുന്നവരും കുറവല്ല. ചില്ലറ പ്രശ്‌നമാണ് ഇവര്‍ ഉയര്‍ത്തുന്നത്.

chandrika: