ഡല്‍ഹി: ഗംഗ, യമുന നദികളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തില്‍ കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധര്‍. നദികളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് രോഗ്യവ്യാപനത്തെ കാര്യമായി ബാധിക്കില്ലെന്ന് ഐഐടി കാണ്‍പൂരിലെ പ്രൊഫസര്‍ സതീഷ് താരെ അഭിപ്രായപ്പെട്ടു.

എന്നാല്‍, രാജ്യം കോവിഡ് പ്രതിസന്ധിയിലായ ഈ സമയത്ത്, ഗംഗയിലോ അതിന്റെ പോഷകനദികളിലോ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് ഗൗരവമായ കാര്യമാണെന്ന് സതീഷ് താരെ പറഞ്ഞു.

ഗംഗയിലോ അതിന്റെ പോഷകനദികളിലോ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് പുതിയ കാര്യമല്ലെന്നും എന്നാല്‍ കഴിഞ്ഞ 10-15 വര്‍ഷത്തിനുള്ളില്‍ ഇത് ഗണ്യമായി കുറഞ്ഞിരുന്നുവെന്നും താരെ പറഞ്ഞു. മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് മലിനീകരണത്തിലേക്ക് നയിക്കുമെങ്കിലും വൈറസിന്റെ പ്രഭാവം കാര്യമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജലവിതരണ സംവിധാനത്തിലൂടെ കടന്നുപോകുന്ന വെള്ളം സാധാരണ നിലയില്‍ ശുദ്ധീകരിക്കുമെന്നും അതേസമയം, ആളുകള്‍ നദിയില്‍ നിന്ന് നേരിട്ട് വെള്ളം എടുക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ സമയത്ത് ആളുകള്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബീറാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും നദികളില്‍ നിന്ന് മൃതശരീരങ്ങള്‍ കണ്ടെത്തിയിരുന്നു.