ഡല്‍ഹി: മാര്‍ച്ച് 31ഓടേ, രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചു എന്ന് ഉറപ്പുവരുത്തണമെന്ന് ബാങ്കുകളോട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. എല്ലാവരെയും ധനകാര്യ ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ബാങ്കുകളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴും നിരവധി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

‘മാര്‍ച്ച് 31 ഓടേ എല്ലാ അക്കൗണ്ടുകളും പാനുമായി ബന്ധിപ്പിച്ചിരിക്കണം. അതേപോലെ തന്നെ സമാന കാലയളവില്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കണം.’ ബാങ്കുകളോട് നിര്‍മ്മല സീതാരാമന്‍ നിര്‍ദേശിച്ചു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ 73ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

ഡിജിറ്റല്‍ പണമിടപാടുകളെ ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കണം. ഡിജിറ്റല്‍ ഇതര പണമിടപാടുകളെ നിരുത്സാഹപ്പെടുത്തണം.യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.