ഡല്‍ഹി: രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവല്‍ക്കരണത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ രണ്ടു ബാങ്കിന്റെ സ്വകാര്യവല്‍ക്കരണം ഏപ്രിലില്‍ തുടങ്ങുന്ന അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തന്നെ ആരംഭിക്കുമെന്നാണ് സൂചന.

‘പരീക്ഷണ’ അടിസ്ഥാനത്തിലാണ് ഇടത്തരം ബങ്കുകളെ ആദ്യം സ്വകാര്യവല്‍ക്കരിക്കുന്നതെന്നും വരുവര്‍ഷങ്ങളില്‍ വലിയ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും നടപ്പാക്കുകയാണെന്ന് ലക്ഷ്യമെന്നും ധനമന്ത്രാലയത്തിന്റെ അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം, ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനും ഓഹരികള്‍ വില്‍ക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് തൊഴിലാളികള്‍ രണ്ടു ദിവസത്തെ പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആറ് മാസത്തിനുശേഷമെ നടപടികള്‍ ആരംഭിക്കൂ എന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചത്.