ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ന് അവസാനിക്കുന്നതോടെ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഏകദിന, ടി-20 പരമ്പരയിലേക്ക്. പുത്തന്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയാണ് ഇന്ത്യ ഏകദിന-ടി 20 പരമ്പരക്കിറങ്ങുന്നത്. ടെസ്റ്റ് പരമ്പരയില്‍ ദയനീയമായി തകര്‍ന്ന ലങ്കക്ക് തിരിച്ചുവരവിനുളള അവസരമാണ് പരമ്പരയെങ്കിലും വിരാത് കോലിക്ക് പകരം ഇന്ത്യന്‍ ടീമിന്റെ അമരത്ത് വരുന്ന രോഹിത് ശര്‍മയുടെ നിരയില്‍ യുവ ചാമ്പ്യന്മാരാണുള്ളത്.

കേരളത്തിന്റെ പുത്തന്‍ സീമര്‍ ബേസില്‍ തമ്പി, തമിഴ്‌നാടിന്റെ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍, ബറോഡ ബാറ്റ്‌സ്മാന്‍ ദീപക് ഹുഡ, സൗരാഷ്ട്ര സീമര്‍ ജയദേവ് ഉത്കണ്ഠ്, ഹൈദരാബാദിന്റെ മുഹമ്മദ് സിറാജ്, ശ്രേയാസ് അയ്യര്‍ എന്നിവരുള്‍പ്പെട്ട ടീമിനെയാണ് കഴിഞ്ഞ ദിവസം സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. കോലിയെ കൂടാതെ ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും വിശ്രമം നല്‍കി രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ കെ.എല്‍ രാഹുലിനാണ് അവസരം നല്‍കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടം ലഭിച്ച ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യന്‍ പേസ് ആക്രമണത്തെ നയിക്കുക.

ഐ.പി.എല്‍ ക്രിക്കറ്റില്‍ ഗുജറാത്ത് ലയണ്‍സിനായി നടത്തിയ മികച്ച പ്രകടനവും ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെ നിരയില്‍ തുടരുന്ന മികവുമാണ് ബേസിലിന് അവസരം ഒരുക്കിയത്. ഏകദിന പരമ്പര ഞായറാഴ്ച്ച ധര്‍മശാലയിലാണ് ആരംഭിക്കുന്നത്. പകല്‍ രാത്രി പോരാട്ടത്തിന് ശേഷം രണ്ടാം മല്‍സരം 13ന് മൊഹാലിയില്‍ നടക്കും. ഇതും ഡേ നൈറ്റ് മല്‍സരമാണ്. അവസാന മല്‍സരം 17ന് വിശാഖപ്പട്ടണത്ത് നടക്കും. ടി-20 പരമ്പരയിലും മൂന്ന് മല്‍സരങ്ങളാണുള്ളത്. ആദ്യ മല്‍സരം 20ന് കട്ടക്കിലും രണ്ടാം മല്‍സരം 22ന് ഇന്‍ഡോറിലും അവസാന മല്‍സരം 24ന് മുംബൈയിലും നടക്കും.