സുഹൃത്തിന്റെ പാര്‍ട്ടിയില്‍ ഇറച്ചി കഴിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് വെട്ടിലായി ബോളിവുഡ് താരം കാജോള്‍. സുഹൃത്തായ റയ്യാന്‍ സ്റ്റീഫന്‍ ഒരുക്കിയ പാര്‍ട്ടിയിലാണ് ബീഫ് കഴിക്കുന്നതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ താരം ഷെയര്‍ ചെയ്തത്. എന്നാല്‍ ഇതിനെതിരെ ഹിന്ദുത്വവാദികള്‍ രംഗത്തെത്തുകയായിരുന്നു. കാജോള്‍ കഴിക്കുന്നത് ഗോമാംസമാണെന്ന് ആരോപിച്ചായിരുന്നു അവര്‍ക്കുനേരെയുള്ള ആക്രമണം നടന്നത്. എന്നാല്‍ കുറച്ചു സമയത്തിനകം തന്നെ വീഡിയോ അപ്രത്യക്ഷമായിരുന്നു. പിന്നീട് താരത്തിന്റെ വിശദീകരണ പോസ്റ്റും പ്രത്യക്ഷപ്പെട്ടു.

താന്‍ കഴിച്ചത് ഗോമാംസമല്ലെന്നായിരുന്നു കാജോളിന്റെ വിശദീകരണം. പോത്തിറച്ചിയായിരുന്നു അത്. വീഡിയോയില്‍ കണ്ട ഇറച്ചി ഗോമാംസമല്ലായിരുന്നു. അത് നിയമപരമായി അനുവദനീയമായിട്ടുള്ള പോത്തിറച്ചിയായിരുന്നുവെന്നും കാജോള്‍ വ്യക്തമാക്കി. ഒരു വിഭാഗത്തിന്റേയും മതവികാരം വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. വീഡിയോ ഡിലീറ്റ് ചെയ്ത താരം പാര്‍ട്ടിയിലെ കുടുംബഫോട്ടോ പിന്നീട് പോസ്റ്റ് ചെയ്യുകയായിരുന്നു.