താമരശ്ശേരി: ചുരം ഒന്‍പതാം വളവിനു താഴെ വനഭാഗത്തേക്ക് ചത്ത പോത്തിനെ തള്ളിയ നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം മൂലം പരിശോധന നടത്തിയ ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരാണ് ആറ് മാസത്തിലധികം പ്രായമായ പോത്തിന്റെ ജഡം കണ്ടെത്തിയത്. വയനാട്ടിലേക്ക് കാലി കച്ചവടത്തിനായി പോകുന്നവരാണ് ജഡം തളളിയതെന്ന് സംശയം ഉള്ളതായി ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ചുരത്തില്‍ നിന്നുള്ള നീര്‍ച്ചാലുകളില്‍ നിന്നാണ് പ്രദേശവാസികളുടെ കുടിവെള്ളമെന്നതിനാല്‍ ഇത് മലിനമാവുമെന്നത് വളരെ ഗൗരവത്തോടെയാണ് നാട്ടുകാര്‍ കാണുന്നത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.