ന്യൂയോര്‍ക്ക്: അമേരിക്കയുടെ ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ജനാധിപത്യ, മനുഷ്യാവകാശ വിഷയങ്ങളുടെ ഏകോപന ചുമതല ആലപ്പുഴക്കാരിക്ക്. മുഹമ്മ കണ്ണങ്കര കളത്തില്‍ ജയിംസ് സക്കറിയ കളത്തിലിന്റേയും ചൈനീസ് തായ്‌പേയ് സ്വദേശിനി ലൂസിയയുടേയും മകളാണ് ബൈഡന്‍ ഏകോപന ചുമതലയേല്‍പ്പിച്ച ശാന്തി കളത്തില്‍.

ശാന്തി ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം അമേരിക്കയിലാണെങ്കിലും ആലപ്പുഴ ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. 20 വര്‍ഷം മുമ്പ് ഇവര്‍ മുത്തച്ഛനേയും മുത്തശ്ശിയേയും കാണാന്‍ കണ്ണങ്കരയില്‍ വന്നിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ ഡെമോക്രാറ്റിക് സ്റ്റഡീസിന്റെ സീനിയര്‍ ഡയറക്ടറായിരുന്നു ശാന്തി. നയതന്ത്രം, മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് ശാന്തി. ഹോങ്കോങ്ങില്‍ ഏഷ്യന്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ ലേഖികകയായും പ്രവര്‍ത്തിച്ചു.

അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ബറാക് ഒബാമയുടെ മുന്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റും ആണവായുധ വിരുദ്ധ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ വുള്‍ഫ്‌സ്താല്‍ ആണ് ശാന്തിയുടെ പങ്കാളി. ജയന്‍ കളത്തിലാണ് സഹോദരന്‍.