ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ രേഖാചിത്രം വികസിപ്പിച്ചു. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ചിത്രം പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 34നും 38നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് കൃത്യം നടത്തിയതെന്നാണ് നിഗമനം. സാധാരണ ഫുള്‍സ്ലീവ് ഷര്‍ട്ടാണ് കൊലയാളി ധരിച്ചത്. കൈയില്‍ ഒരു ചരടും കഴുത്തില്‍ ഒരു ടാഗും കെട്ടിയിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും വൈസറില്ലാത്തവ ആയതാണ് രേഖാചിത്രം വരക്കാന്‍ സഹായകമായത്. ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്ന് വീടിനടുത്തെത്തിയ അക്രമികളുടെ ബജാജ് പള്‍സര്‍ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഈ മാസം അഞ്ചിന് ബംഗളൂരുവിലെ വസതിക്കു മുന്നില്‍വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്.