പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സീറ്റു വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ 243 സീറ്റില്‍ 115 ഇടത്ത് ജെഡി(യു)വും 122 സീറ്റില്‍ ബിജെപിയും മത്സരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. സീറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴു സീറ്റില്‍ മത്സരിക്കും. ബിജെപിക്ക് നല്‍കിയ സീറ്റില്‍ നിന്ന് കുറച്ചു സീറ്റുകള്‍ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും കൈമാറും. ഏഴു സീറ്റു വരെ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണ് എന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

നേരത്തെ, എന്‍ഡിഎയില്‍ ഉണ്ടായിരുന്ന ലോക് ജനശക്തി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഒക്ടോബര്‍ 28നാണ് മൂന്നു ഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.