പറ്റ്‌ന : ബിഹാറില്‍ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച. 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ ഭരണം നിലനിര്‍ത്തിയത്. സഖ്യത്തിലെ വലിയ കക്ഷിയായി ബിജെപി തെരഞ്ഞെടുക്കപ്പെട്ടു. 74 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 43 സീറ്റുകള്‍ മാത്രമാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് ലഭിച്ചത്.

മഹാസഖ്യം 110 സീറ്റുകള്‍ നേടി. 75 സീറ്റുകള്‍ നേടിയ ആര്‍ജെഡിയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 70 സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകളാണ് നേടിയത്. ഇടതുപാര്‍ട്ടികള്‍ 16 സീറ്റുകള്‍ നേടി. സിപിഐഎംഎല്‍ 12 സീറ്റ് നേടിയപ്പോള്‍, സിപിഎം, സിപിഐ പാര്‍ട്ടികള്‍ രണ്ടു സീറ്റ് വീതം നേടി. അതേസമയം ബിഹാറില്‍ നിര്‍ണായകമാകുമെന്ന് കരുതിയ ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒരു സീറ്റ് മാത്രമാണ് നേടിയത്.

അസദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി അഞ്ചു സീറ്റുകള്‍ നേടി. കിഷന്‍ഗഞ്ച്, പൂര്‍ണിയ, കതിഹാര്‍, അരാരിയ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസി വോട്ടു പിടിച്ചത്. ബിഎസ്പി, ആര്‍എല്‍എസ്പി. എന്നിവരെ ഉള്‍പ്പെടുത്തി മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്.