ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാറിന്റെ അഴിമതി തുറന്നുകാട്ടി രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനാവാതെ ബി.ജെ.പി. മോദി സര്‍ക്കാറിന്റെ അഴിമതി പുറത്തായതോടെ രക്ഷപ്പെടാന്‍ പതിവ് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. മോദിയ പ്രധാനമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാന്‍ രാഹുല്‍ പാക്കിസ്ഥാനുമായി കൈകോര്‍ത്തിരിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സാമ്പിത് പാട്ര പറഞ്ഞു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ പാക് മന്ത്രിമാര്‍ ക്യാമ്പയിന്‍ തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെന്ന മുന്‍ ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് വിവാദം ചൂടുപിടിച്ചത്. പ്രധാനമന്ത്രിയും അനില്‍ അംബാനിയും ചേര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ മേഖലക്ക് മേല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. മോദി ജവാന്മാരുടെ രക്തസാക്ഷിത്വത്തെ അപമാനിച്ചെന്നും ഇന്ത്യയുടെ ആത്മാവിനെ വഞ്ചിച്ചെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പാക് മന്ത്രി ഏറ്റെടുത്തതാണ് ബി.ജെ.പി ഇപ്പോള്‍ ആയുധമാക്കിയത്.