ലക്‌നൗ: രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ആരാധനാലയങ്ങളുടെ പേരില്‍ വിവാദമുണ്ടാക്കുന്നതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഈ നീക്കം രാജ്യത്തെ ദുര്‍ബലപ്പെടുത്തും. ദാരിദ്ര്യം, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് ബി.ജെ.പി ലക്ഷ്യം. ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നത് വിദ്വേഷം സൃഷ്ടിക്കും. ഇത് സമാധാനത്തിനും സൗഹാര്‍ദത്തിനും സാഹോദര്യത്തിനും വഴിയൊരുക്കില്ല, മറിച്ച് രാജ്യത്ത് പരസ്പര വെറുപ്പ് സൃഷ്ടിക്കും- മായാവതി പറഞ്ഞു.