മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയിലെ (ഷിന്‍ഡെ വിഭാഗം) നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി ചാക്കിലാക്കുന്നതു തുടരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രിയും സേന തലവനുമായ ഏക്നാഥ് ഷിന്‍ഡെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിട്ടും കാര്യമുണ്ടായില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി വിപുലീകരണ അജണ്ടയുമായി മുന്നോട്ടുപോകുമെന്ന് ഷാ ഷിന്‍ഡെയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാനെതിരെയാണ് ഷിന്‍ഡെ പ്രധാനമായും പരാതി ഉന്നയിച്ചത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ചവാന്‍ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നുവെന്ന കടുത്ത ആശങ്ക അദ്ദേഹം ഷായെ അറിയിച്ചു. ഷിന്‍ഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്‍ഡെയുടെ ശക്തികേന്ദ്രമായ കല്യാണ്‍-ഡോംബിവ്ലി മേഖലയിലാണ് ഈ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.
ഏകദേശം 50 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍, ബി.ജെ.പി ഒരു ദേശീയ പാര്‍ട്ടിയാണെന്നും, അതുകൊണ്ടുതന്നെ വിപുലീകരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഷിന്‍ഡെയ്ക്ക് വ്യക്തമായ സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നേതാക്കളെ നിയന്ത്രിക്കേണ്ടത് ഷിന്‍ഡെയാണ്. അല്ലാതെ മറ്റൊരു പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഷാ സൂചിപ്പിച്ചു. കൂടാതെ, സഖ്യത്തിന്റെ (മഹായുതി) ആഭ്യന്തര പ്രശ്നങ്ങള്‍ സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
2029ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ആശ്രയിക്കാതെ സ്വന്തമായി ഭരണം പിടിച്ചെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയാണ് ബി.ജെ.പിക്ക് ഉള്ളതെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്.