kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും; നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കും: വി ഡി സതീശന്‍

By webdesk17

May 25, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യു.ഡി.എഫ് സുസജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിര്‍ദ്ദേശം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കും. അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

നിലമ്പൂരില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. പി.വി. അന്‍വര്‍ യു.ഡി.എഫിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. അന്‍വര്‍ യു.ഡി.എഫുമായി പൂര്‍ണമായും സഹകരിക്കും. യു.ഡി.എഫിനൊപ്പം അന്‍വറുമുണ്ടാകും. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാര്‍ഥിക്കും പിന്തുണ നല്‍കുമെന്ന് അന്‍വര്‍ യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ എന്നെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് വേഗത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഒമ്പത് വര്‍ഷം കൊണ്ട് കേരളത്തെ ഇല്ലാതാക്കിയ ഈ സര്‍ക്കാരിനെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് മുന്നില്‍ യു.ഡി.എഫ് വിചാരണ ചെയ്യും. അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കും. ദേശീയപാത തകര്‍ന്നു വീണ സംഭവങ്ങളും ചര്‍ച്ചയാകും -വി.ഡി. സതീശന്‍ പറഞ്ഞു.