Connect with us

Education

career chandrika:’നീറ്റ്’ പ്രവേശനപരീക്ഷ; ജാഗ്രതയോടെ അപേക്ഷ സമര്‍പ്പിക്കാം

Published

on

ഇന്ത്യയിലെ മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള സുപ്രധാനമായ എന്‍ട്രന്‍സായ ‘നീറ്റി’നു (യുജി) മേയ് ആറിനകം https://neet.nta.nic.in/ വഴി അപേക്ഷിക്കണം. ജൂലായ് 17 നാണു പരീക്ഷ നടക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലടക്കം 14 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആവശ്യമെങ്കില്‍ മലയാളമടക്കം 13 ഭാഷകളില്‍ ചോദ്യപ്പേപ്പറുകള്‍ ലഭിക്കും. അപേക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില വിവരങ്ങള്‍ ശ്രദ്ധിക്കുക.

എം.ബി.ബി.എസ്, ബി.ഡി,എസ്(ഡെന്റല്‍), ആയുര്‍വേദ, ഹോമിയോ, യുനാനി, സിദ്ധ എന്നീ മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനം ‘നീറ്റ്’ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. കൂടാതെ കേരളത്തിലെ മെഡിക്കല്‍ അലൈഡ് പ്രോഗ്രാമുകളായ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വിറോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലെ ബി.എസ്.സി (ഹോണേഴ്‌സ്) കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ബി.ടെക് ബയോടെക്‌നോളജി, വെറ്ററിനറി സയന്‍സ്, ഫിഷറീസ് എന്നിവയുടെ പ്രവേശനത്തിനും ‘നീറ്റ്’ പ്രധാന മാനദണ്ഡമായിരിക്കും.

എം.സി.സി(മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മറ്റി), ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിംഗ് കമ്മറ്റി, വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവ ദേശീയ തലത്തില്‍ നടത്തുന്ന കൗണ്‍സലിംഗ്, എഐഐഎംഎസ്, ജിപ്‌മെര്‍, ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളജ്, അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, കസ്തുര്‍ബ മെഡിക്കല്‍ കോളജ് മണിപ്പാല്‍, മറ്റു സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ സ്ഥാപങ്ങളിലെയും പ്രവേശനം ‘നീറ്റ്’ അടിസ്ഥാനത്തിലാണ്. കേരളത്തിന് പുറത്തുള്ള ചില സ്ഥാപങ്ങളിലെ ബി.എസ്.സി നഴ്‌സിംഗ്/പാരാമെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശന ത്തിനും ‘നീറ്റ്’ സ്‌കോര്‍ പരിഗണിക്കുന്നുണ്ട്. കൂടാതെ ബാംഗ്ലൂരിലെ ഐ.ഐ.എസ്.സി നടത്തുന്ന ബാച്ചിലര്‍ ഓഫ് സയന്‍സ് (റിസര്‍ച്ച്) പ്രോഗ്രാമിലെ പ്രവേശനം, ചില സ്‌കോളര്‍ഷിപ്പുകള്‍ എന്നിവക്കും ‘നീറ്റ്’ ഫലം മാനദണ്ഡമാണ്.

വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനമാഗ്രഹിക്കുന്നവരും ‘നീറ്റ്’ പരീക്ഷ എഴുതി 50 പെര്‍സെന്റയില്‍ മാര്‍ക്ക് വാങ്ങി യോഗ്യത നേടണം. 50 പെര്‍സെന്റയില്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മൊത്തം പരീക്ഷ എഴുതിയ കുട്ടികളില്‍ 50 ശതമാനം കുട്ടികള്‍ക്കും ലഭിക്കുന്ന മാര്‍ക്കിനെക്കാള്‍ കൂടുതല്‍ ലഭിക്കണമെന്നാണ്. ഇത് എത്ര മാര്‍ക്കാണ് എന്ന് മുന്‍കൂട്ടി പറയാനാവില്ല. കഴിഞ്ഞ തവണ വന്നത് 720 ല്‍ 138 ആയിരുന്നു.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ +2 തലത്തില്‍ പഠിച്ചിരിക്കണം.അപേക്ഷകര്‍ 2005 ഡിസംബര്‍ 31 നു മുമ്പ് ജനിച്ചവര്‍ ആയിരിക്കണം. ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല.സ്വന്തമായി ഉപയോഗിക്കുന്നതോ രക്ഷിതാക്കളുടെയോ മൊബൈല്‍ നമ്പര്‍ ഇമെയില്‍ വിലാസം എന്നിവ മാത്രമേ നല്‍കാവൂ.കേരള പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാത്ത പക്ഷം കേരളത്തില്‍ നടത്തപ്പെടുന്ന അലോട്ട്‌മെന്റില്‍ പങ്കെടുക്കാനാവില്ല.

പാസ്‌പോര്‍ട്ട് സൈസ്, പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടോ, ഒപ്പ്, രണ്ട് കൈകളിലെയും എല്ലാ വിരലുകളുടെയും അടയാളം, പത്താം തരം സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും കാറ്റഗറി സര്‍ട്ടിഫിക്കറ്റ്, സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ്, എന്‍ആര്‍ഐ രേഖകള്‍ എന്നിവ ബാധകമായതിനനുസരിച്ചും സമര്‍പ്പിക്കണം. അതത് രേഖകള്‍ അയക്കേണ്ട ഫോര്‍മാറ്റ് പ്രോപ്‌സെക്ടസിലുണ്ട്. താലൂക്ക് ഓഫീസില്‍ നിന്ന് ലഭിക്കുന്ന കേന്ദ്ര ആവശ്യത്തിനുള്ള നോണ്‍ ക്രീമിലെയര്‍, ഇ.ഡബ്‌ള്യു.എസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ 2022 ജനുവരി ഒന്നിന് ശേഷം എടുത്തതായിരിക്കണം. ഈ സര്‍ട്ടിഫിക്കറ്റുകള്‍ അധികാരികളില്‍ നിന്ന് നിശ്ചിത തിയതിക്കകം സംഘടിപ്പിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ തല്‍ക്കാലം നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചാലും മതി

ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിങ്ങനെ ഓരോ വിഷയവും രണ്ട് സെക്ഷനുകളിലായാണ് പരീക്ഷ നടക്കുക. സെക്ഷന്‍ ‘എ’ യില്‍ 35 ചോദ്യങ്ങളും സെക്ഷന്‍ ‘ബി’ യില്‍ 15 ചോദ്യങ്ങളുമാമാണുണ്ടാവുക. സെക്ഷന്‍ ബിയിലെ 15 ചോദ്യങ്ങളില്‍ 10 ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്. പേനയും പേപ്പറും അടിസ്ഥാനമാക്കിയുള്ള ഒബ്ജക്ടീവ് സ്വഭാവത്തിലുള്ള മൂന്ന് മണിക്കൂര്‍ ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയാണ് നടക്കുന്നത്. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും.

അപേക്ഷയില്‍ ഇപ്പോഴത്തെ വിലാസം കൊടുക്കുന്ന സ്ഥലത്തിനനുസരിച്ചായിരിക്കും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാനാവുക. വിദേശത്ത് സെന്റര്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

എന്‍.ടി.എ വെബ്‌സൈറ്റ്, ഇമെയില്‍, എസ്.എം.എസ് എന്നിവ പുതിയ അപ്‌ഡേറ്റുകള്‍ക്കായി പതിവായി പരിശോധിക്കണം.അപേക്ഷ സമര്‍പ്പിച്ചതിന്റെ കണ്‍ഫമേഷന്‍ പേജിന്റെ ഹാര്‍ഡ് കോപ്പി അയക്കേണ്ടതില്ലെങ്കിലും കണ്‍ഫമേഷന്‍ പേജിന്റെയും ഫീസ് അടച്ച രേഖയുടെയും കോപ്പികള്‍ സൂക്ഷിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Continue Reading

Education

എസ്എസ്എല്‍സി പരീക്ഷ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു.

Published

on

തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു. വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലെന്നും പരീക്ഷാഭവന്‍ സെക്രട്ടറി വ്യക്തമാക്കി.

പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാവുന്നതാണ്. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാന്‍ സാധിക്കും. തുടര്‍ന്ന് 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാനും അവസരം ഉണ്ടായിരിക്കും.

2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പ്രധാന പരീക്ഷകള്‍ നടക്കുക. ഐ.ടി. പരീക്ഷകള്‍ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും.

 

Continue Reading

Education

പരീക്ഷയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം

പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.

Published

on

തിരുവനന്തപുരം: പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.

ഈ മാസം 9-നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബര്‍ 10നും 20നും ഇടയില്‍ ക്ലാസ് പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനപിന്തുണ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.

എ.ഇ.ഒ, ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നകം ഡി.ഡി.ഇ.മാര്‍ക്ക് കൈമാറണം. ഡി.ഡി.ഇ.മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അധ്യാപകര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്‍.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുമായി ഇത് ചര്‍ച്ച ചെയ്യും. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് സി.ആര്‍. ബാധകമാക്കിയിട്ടുള്ളത്.

Continue Reading

Trending