ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിശക്തമായി തുടരുന്നതിനിടെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വാര്‍ത്തയും പുറത്ത്. 2021 ഫെബ്രുവരിയാകുമ്പോഴേക്ക് ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരിലേക്കും കോവിഡ് വ്യാപിച്ചേക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി പറയുന്നു. നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്.

കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനസംഖ്യയിലെ 30 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ഇത് ഫെബ്രുവരിയില്‍ 50 ശതമാനം വരെയാകാമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടിയിലെ പ്രൊഫസറും സമിതി അംഗവുമായ മനീന്ദ്ര അഗര്‍വാള്‍ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

”കോവിഡിന്റെ നിലവിലുള്ള വ്യാപനം കേന്ദ്രസര്‍ക്കാറിന്റെ നിലവിലെ കണക്കുകളേക്കാള്‍ അധികമാണ്. കേന്ദ്ര സര്‍ക്കാറിന്റെ സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 14 ശതമാനം പേരിലേക്കാണ് വൈറസ് വ്യാപിച്ചിരിക്കുന്നത്”

”ഇന്ത്യയിലെ വന്‍ ജനസംഖ്യ കാരണം കേന്ദ്ര സര്‍ക്കാറിന്റെ സീറോളജിക്കല്‍ സര്‍വേകള്‍ക്ക് സാമ്പിള്‍ പൂര്‍ണ്ണമായും ശേഖരിക്കാന്‍ കഴിയില്ല. അതിനാല്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളോടൊപ്പം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളും പരിഗണിച്ച് ഒരു പുതിയ കണക്കാണ് അവലംബിക്കുന്നത്”മനീന്ദ്ര അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.