ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനുള്ള ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന് സമയം നീട്ടി നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭയിലേയും രാജ്യസഭയിലേയും സബോര്‍ഡിനേറ്റ് നിയമ നിര്‍മാണ സമിതിയാണ് യഥാക്രമം ഏപ്രില്‍ ഒമ്പത്, ജൂലായ് ഒമ്പത് തിയതികള്‍ വരെ നീട്ടിനല്‍കിയത്.

പൗരത്വഭേദഗതി നിയമം 2019 പ്രകാരമുള്ള ചട്ടങ്ങള്‍ തയ്യാറാക്കി വരികയാണ്. ഇത് രൂപപ്പെടുത്തുന്നതിനായി രാജ്യസഭയും ലോക്‌സഭയും സമയം നീട്ടി നല്‍കിയെന്നും മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

വലിയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങള്‍ക്കുമിടെ വിവാദമായ പൗരത്വഭേദഗതി നിയമം രണ്ടു വര്‍ഷം മുമ്പാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രം പാസാക്കിയെടുത്തത്. 2019 ഡിസംബര്‍ 12ന് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.