Connect with us

india

മണിപ്പൂരിനു പിന്നാലെ ഹരിയാനയും-ചന്ദ്രിക മുഖപ്രസംഗം

കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ മൗനമാണ് തുടര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.

Published

on

മണിപ്പൂരിനു പിന്നാലെ ഹരിയാനയും സഞ്ചരിക്കുകയാണോ എന്ന് ഭയപ്പെടുത്തുന്ന തരത്തിലാണ് സംസ്ഥാനത്തുനിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍. മെയ് മൂന്നിനാരംഭിച്ച മണിപ്പൂരിലെ കലാപം മൂന്നു മാസം പിന്നിട്ടിട്ടും കെട്ടടങ്ങിയിട്ടില്ല. മണിപ്പൂരിന്റെ മുറിവുണങ്ങുന്നതിനുമുമ്പുതന്നെ ഹരിയാനയിലും കലാപത്തിന്റെ നെരിപ്പോടുകള്‍ കണ്ടുതുടങ്ങിയത് രാജ്യത്തിന് ആശ്വാസകരമല്ല. ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. പൊലീസ് വാഹനങ്ങളും ഇതില്‍പെടും. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പല്‍വാല്‍, ഫരീദാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. സംഭവസ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്തു. ബജ്‌റംഗ്ദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രക്കിടയിലാണ് സംഘര്‍ഷം ഉടലെടുത്തത്.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തിന് തീരാശാപമായി മാറുകയാണ്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള ഏറ്റവും ശക്തമായ ഉപാധിയായി വര്‍ഗീയ കലാപത്തെ മാറ്റിയെടുക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ നിലനില്‍ക്കുന്നതാണ്. അത് സ്ഥിരീകരിക്കുന്ന തരത്തിലാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ മുന്നിലുള്ളത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഹരിയാന. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പു വിജയങ്ങള്‍ ഉറപ്പാക്കാന്‍ വര്‍ഗീയ കലാപങ്ങള്‍ ഉപയോഗിച്ചുവരുന്നതായി കാണാം. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം കൊയ്യാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ വിതയ്ക്കുന്ന വിത്തുകളായി കലാപങ്ങള്‍ മാറുന്നു. ഭരണകൂടങ്ങള്‍തന്നെ കലാപം ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനുപകരം വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിക്കുന്നതായി കാണപ്പെടുന്നു. നിസ്സാര കാരണങ്ങളാണ് പലപ്പോഴും വന്‍ വിപത്ത് സൃഷ്ടിക്കുന്ന കലാപമായി പരിണമിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ വീഡിയോകളോ പോസ്റ്റുകളോ മതിയാകും രാജ്യത്തെ ആളിക്കത്തിക്കാനുതകുന്ന കലാപത്തിലേക്ക് നയിക്കാന്‍. മതപരമായ ആഘോഷ വേളകളും കലാപത്തിനു വഴിവെച്ച എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. ആഘോഷവേളകളില്‍ നടത്തുന്ന ഘോഷയാത്രകള്‍ ഒരു വിഭാഗം മറു വിഭാഗത്തിനെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള അവസരമായി ഉപയോഗിക്കുന്നു. ഭരണകര്‍ത്താക്കള്‍തന്നെ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയോ മൗനാനുവാദം നല്‍കുകയോ ചെയ്യുന്ന അത്യന്തം അപകടകരമായ പ്രവണതയും നിലനില്‍ക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭത്തെ സുപ്രീംകോടതി പലപ്പോഴും വിമര്‍ശിച്ചതുമാണ്.
മണിപ്പൂര്‍ കലാപത്തില്‍ രണ്ടാം ദിവസവും സുപ്രീംകോടതി ശക്തമായി വിമര്‍ശിക്കുകയുണ്ടായി. മണിപ്പുരില്‍ ഭരണഘടനാസംവിധാനം തകര്‍ന്നുവെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം അതീവ ഗൗരവമുള്ളതാണ്. മെയ് തുടക്കം മുതല്‍ ജൂലായി വരെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നു സംസ്ഥാനത്ത്. കേസുകള്‍ എടുക്കുന്നതിലും എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വലിയ വീഴ്ച ഉണ്ടായി. വളരെ കുറച്ച് അറസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച രണ്ടു മണിക്ക് ഡി.ജി.പി നേരിട്ടു ഹാജരായി വിവരങ്ങള്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. സംസ്ഥാന പൊലീസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. വര്‍ഗീയ കലാപങ്ങള്‍ തടയുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. മണിപ്പൂര്‍ വിഷയത്തില്‍ അതുതന്നെയാണ് പരമോന്നത കോടതി ചൂണ്ടിക്കാട്ടിയതും. മൂന്നു മാസം വരേ കലാപം തുടര്‍ന്നിട്ടും സര്‍ക്കാറിനു ഒന്നും ചെയ്യാനായില്ലെന്നു വരുന്നത് നാണക്കേടാണ്. കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ മൗനമാണ് തുടര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. രണ്ടു സ്ത്രീകളെ നഗ്നയാക്കി നടത്തികൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി മുതലക്കണ്ണീരൊഴുക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചെങ്കിലും കലാപം ശമിപ്പിക്കാനുള്ള ഫോര്‍മുലയൊന്നും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ കലാപം തടയാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ലായിരുന്നുവെന്നു വേണം കരുതാന്‍.
വര്‍ഗീയ കലാപങ്ങളില്‍ നിരവധി തവണ മുറിവേറ്റ രാജ്യമാണ് നമ്മുടെത്. മണിപ്പൂരിനെ കൂടാതെ, ഗുജറാത്തും ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറുമെല്ലാം നോവായി നമ്മുടെ മുന്നിലുണ്ട്. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവുമെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഹരിയാന തന്നെ നിരവധി തവണ കലാപ ഭൂമിയായി മാറിയിട്ടുണ്ട്. കലാപം എവിടെ നടന്നാലും ആത്യന്തികമായി നഷ്ടം രാജ്യത്തിനുതന്നെയാണ്. ഇനിയും രാജ്യത്തൊരിടത്തും കലാപം സൃഷ്ടിക്കപ്പെടരുത്. പൊലീസും ഭരണകൂടങ്ങളുമാണ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ക്രമസമാധാനം പാലിക്കുന്നതില്‍ ഇരു വിഭാഗങ്ങളും ആത്മാര്‍ത്ഥത പുലര്‍ത്തിയാല്‍ തടയാവുന്നതേയുള്ളു ഇത്തരം കലാപങ്ങള്‍. എന്നാല്‍ അതിനവര്‍ തയാറാകുമോ എന്നതാണ് പ്രശ്‌നം. സുപ്രീംകോടതി പങ്കുവെച്ച ആശങ്കയും അതുതന്നെയാണ്.

 

india

പുടിനുമായി ഫോണില്‍ സംസാരിച്ച് മോദി, ഇന്ത്യയിലേയ്ക്ക് ക്ഷണം

ഫോണ്‍ സംഭാഷണത്തിനിടെ യുക്രൈനുമായുള്ള യുദ്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണില്‍ സംസാരിച്ചു. വെള്ളിയാഴ്ചയാണ് ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ചര്‍ച്ചയ്ക്കിടെ പുടിനെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. നേരത്തെ പുടിന്‍ ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ക്രെംലിനില്‍ എത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് മോദി പുടിന്‍ ഫോണ്‍ സംഭാഷണം നടന്നിരിക്കുന്നത്. അതേസമയം ഫോണ്‍ സംഭാഷണത്തിനിടെ യുക്രൈനുമായുള്ള യുദ്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയെ കുറിച്ചും നേതാക്കള്‍ പരസ്പരം സംസാരിച്ചു. യുക്രൈനുമായി ബന്ധപ്പെട്ട് യുഎഇയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളെ കുറിച്ച് പുടിന്‍ മോദിയോട് സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യ-റഷ്യ 23-ാമത് വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കാനാണ് പുടിന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം, പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുമെന്നാണ് സൂചന.

Continue Reading

india

‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായതെന്ന് തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞു

Published

on

ബംഗളൂരു: കർണാടകയിൽ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായതെന്ന് തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞു. ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന ‘നമ്മുടെ വോട്ട്, നമ്മുടെ അവകാശം, നമ്മുടെ പോരാട്ടം’ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിക്ക് അനുകൂലമായി 1,00,250 വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടു. ഇരട്ട വോട്ടുകൾ, വ്യാജ അഡ്രസ്, ഒരേ അഡ്രസിൽ നിരവധി വോട്ടുകൾ ചേർക്കൽ, ഫേക്ക് ഫോട്ടോകൾ തുടങ്ങിയവ വഴിയാണ് ഇത് നടത്തിയത്. വോട്ട് മോഷണം നടന്നിട്ടുണ്ടെന്ന് 100 ശതമാനം ഉറപ്പാണ്. ഇന്ത്യയിലെ പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ആയുധമാണ് വോട്ട്. ഈ അവകാശം സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ പോരാടും. കഴിഞ്ഞ 10 വർഷത്തെ മെഷീൻ റീഡബിൾ വോട്ടർ പട്ടികയും വീഡിയോ രേഖകളും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭാ സീറ്റ് ‘മോഷ്ടിക്കപ്പെട്ടു’ എന്ന് രാഹുൽ പറഞ്ഞു. പൗരന്മാർക്കെതിരായ ക്രിമിനൽ പ്രവൃത്തിയാണ് ഇത്. കർണാടക സർക്കാർ ഈ കുറ്റകൃത്യം അന്വേഷിച്ച് നടപടിയെടുക്കണം. ആയിരക്കണക്കിന് വ്യാജന്മാരെ വോട്ടർ പട്ടികയിൽ ചേർത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും മഹാദേവപുരയുടെ സത്യം പുറത്തുകൊണ്ടുവരികയും വേണം. ഇലക്ട്രോണിക് ഡാറ്റ തങ്ങൾക്ക് ലഭിച്ചാൽ, വോട്ടുകൾ മോഷ്ടിച്ചാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതെന്ന് തെളിയിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റ തങ്ങൾക്ക് കൈമാറാൻ തയ്യാറാവണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

കർണാടകയിൽ, ഒന്നിലധികം സീറ്റുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് തനിക്ക് പറയാൻ കഴിയും. ഒരു സീറ്റിൽ തങ്ങൾ മോഷണം തെളിയിച്ചിട്ടുണ്ട്. കർണാടകയിൽ തങ്ങൾ 15-16 സീറ്റുകൾ നേടേണ്ടതായിരുന്നു. പക്ഷേ ഒമ്പത് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന ഭരണഘടനയുടെ അടിസ്ഥാന ആശയത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ആക്രമിക്കുകയാണ്. ഇത് ഭരണഘടനയെ ആക്രമിക്കുന്നതിന് തുല്യമാണ്. ഭരണഘടനയെ ആക്രമിച്ച് രക്ഷപ്പെടാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഒന്നുകൂടി ചിന്തിച്ച് പ്രവർത്തിക്കണമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

മഹാരാഷ്ട്രയിലും അട്ടമറി നടന്നതായി രാഹുൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സഖ്യകക്ഷികളും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ നാല് മാസങ്ങൾക്ക് ശേഷം, ബിജെപി അവിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു, അത് ഒരു അത്ഭുതകരമായ ഫലമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കോടി പുതിയ വോട്ടർമാർ മാന്ത്രികമായി പ്രത്യക്ഷപ്പെട്ടു. പുതിയ വോട്ടർമാർ എവിടെയായിരുന്നാലും ബിജെപി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന് ഈ അട്ടിമറിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി. ഒരു സീറ്റിനെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരാൻ തങ്ങൾക്ക് ആറ് മാസമെടുത്തു. നിങ്ങൾ ഞങ്ങൾക്ക് ഡാറ്റ നൽകിയില്ലെങ്കിൽ, മറ്റു സീറ്റുകളിലും തങ്ങൾക്ക് ഈ ജോലി ചെയ്യാൻ കഴിയും. നിങ്ങൾക്ക് ഇത് മറച്ചുവെക്കാൻ കഴിയില്ല. നിങ്ങൾക്ക് ഇതിൽ നിന്ന് ഓടിപ്പോകാൻ കഴിയില്ല. ഒരു ദിവസം, നിങ്ങൾക്ക് പ്രതിപക്ഷത്തെ നേരിടേണ്ടിവരും. ഇതിന് സമയമെടുത്തേക്കാം. പക്ഷേ തങ്ങൾ നിങ്ങളെ പിടികൂടും… നിങ്ങളെ ഓരോരുത്തരെയും. തന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ എന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

Continue Reading

india

ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി

Published

on

ആസ്സാമിലെ ഗ്വൽപാറ ജില്ലയിൽ മുസ്ലിംകളെ കുടിയൊഴിപ്പിച്ച സംഭവവും തുടർന്ന് ജൂലൈയിൽ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് ക്രൈസ്തവ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതും ന്യൂനപക്ഷവിരുദ്ധ സമീപനത്തിൻ്റെ ബഹിർപ്രകടനങ്ങളാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ആഴത്തിലുള്ള ആപത്തിന്റെ ലക്ഷണങ്ങളാണ്. ന്യൂനപക്ഷസുരക്ഷ ഉറപ്പു വരുത്തേണ്ട സർക്കാരിൻ്റെ ഭാഗത്തുനിന്നു തന്നെയാണ് ഈ അതിക്രമങ്ങളുണ്ടായതെന്നതെന്നത് അതിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്ന് 377-ാം വകുപ്പ് പ്രകാരമുള്ള സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് സമദാനി പറഞ്ഞു.

ആസ്സാമിൽ നടന്നത് കുടിയൊഴിപ്പിക്കലല്ല. തുടച്ചുനീക്കലാണ്. തങ്ങളുടെ വീടിൻ്റെ മേൽക്കൂരകൾക്ക് ചുവട്ടിൽ സ്വപ്നം കണ്ടുറങ്ങിയിരുന്ന കുടുംബങ്ങൾക്ക് ഇന്ന് ആശാഭംഗത്തിന്റെ ആകാശങ്ങൾക്ക് ചുവട്ടിൽ കഴിയേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. പ്രബലമായ രേഖകളോടെ ആഗ്രയിലേക്ക് ജോലിക്ക് പോയ മൂന്നു സ്ത്രീകൾ അനുഗമിച്ചതിന്റെ പേരിലാണ് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടത്. അതോടെ നിയമവാഴ്ച മറഞ്ഞുപോവുകയും പകരം ആൾക്കൂട്ടരോഷം സ്ഥാനം പിടിക്കുകയും ചെയ്തു.

ആക്റ്റൻ പ്രഭുവിന്റെ പ്രസിദ്ധമായ പ്രസ്താവനയുണ്ട്: “ഒരു രാജ്യം സ്വതന്ത്രമാണോ എന്ന് വിധികൽപ്പിക്കാനുള്ള ഏറ്റവും തീർച്ചയുള്ള പരീക്ഷണമാർഗ്ഗം അവിടെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന സുരക്ഷിതത്വമാണ് “. ഈ പരീക്ഷണം ഇന്നത്തെ ഇന്ത്യയിൽ ദുരന്തമാകുംവിധം വിട്ടുവീഴ്ചക്ക് വിധേയമായിരിക്കുകയാണെന്ന് പറഞ്ഞ സമദാനി വീടുകൾ തകർക്കുന്ന നടപടി അവസാനിപ്പിക്കാനും നിരപരാധികളെ സ്വതന്ത്രരാക്കാനും ഔദ്യോഗിക നയമായി രൂപാന്തരം പ്രാപിച്ചുവരുന്ന മുൻവിധികളെപ്പറ്റി അന്വേഷിക്കാനും സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

Continue Reading

Trending