ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പി.സി.സി അദ്ധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, മുന്‍ പ്രതിപക്ഷ നേതാവ് ടി.എസ്. സിംഗ്‌ദോ, പ്രമുഖ നേതാക്കളായ താമ്രധ്വജ് സാധു, ചരണ്‍ ദാസ് മഹന്ത് എന്നിവരുമായി ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു.

ഇന്ന് എ.ഐ.സി.സി നിരീക്ഷകന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ തലസ്ഥാനമായ റായ്പൂരില്‍ എം.എല്‍.എമാരുമായി അവസാന വട്ട ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗവും ഇന്ന് റായ്പൂരില്‍ ചേരുന്നുണ്ട്.

90 അംഗ നിയമസഭയില്‍ 68 സീറ്റും വിജയിച്ചാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരമുറപ്പിച്ചത്. അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമായിരുന്നു.