ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണില്‍ 14 മത്സരങ്ങള്‍ മാത്രം അവശേഷിക്കെ കിരീടത്തിലേക്ക് ഒരടി കൂടി മുന്നോട്ട് വെച്ച് ചെല്‍സി. ക്ലാസിക് പോരാട്ടത്തില്‍ മൂന്നാം സ്ഥാനക്കാരായ ഗണ്ണേഴ്‌സിനെ 3-1ന് തകര്‍ത്തു വിട്ട ചെല്‍സി രണ്ടാം സ്ഥാനക്കാരായ ടോട്ടന്‍ഹാം ഹോട്‌സ്പറുമായുള്ള പോയിന്റ് വ്യത്യാസം 12 ആക്കി ഉയര്‍ത്തി.

ആദ്യ പകുതിയുടെ 13-ാം മിനിറ്റില്‍ റഫറി സംശയത്തിന്റെ ആനുകൂല്യം ചെല്‍സി താരം മാര്‍കോസ് അലന്‍സോക്ക് നല്‍കിയതോടെ ഗണ്ണേഴ്‌സിനെതിരെ ചെല്‍സി മുന്നിലെത്തി. ആഴ്‌സണല്‍ താരം ഹെക്ടര്‍ ബെല്ലറിനെ തള്ളിമാറ്റിക്കൊണ്ടായിരുന്നു അലന്‍സോ ഗോള്‍ സ്‌കോര്‍ ചെയ്തത്. സ്‌കോര്‍ 1-0. എന്നാല്‍ ചെല്‍സിയുടെ ആദ്യ ഗോളിന്റെ ആധികാരികതയെ കുറിച്ചുള്ള സംശയമുന്നയിച്ചവര്‍ക്ക് അതിശക്തമായ മറുപടിയായിരുന്നു രണ്ടാം പകുതിയുടെ 53-ാം മിനിറ്റില്‍ ബെല്‍ജിയം താരം ഏദന്‍ ഹസാര്‍ഡ് നേടിയ മനോഹര ഗോള്‍.

തന്റെ മുന്‍ ക്ലബ്ബിനെതിരെ കളിച്ച സെസ്‌ക് ഫാബ്രിഗസ് 85-ാം മിനിറ്റില്‍ മുന്‍ ചെല്‍സി ഗോള്‍കീപ്പര്‍ പീറ്റര്‍ ചെകിന്റെ പിഴവില്‍ നിന്നും ഗോള്‍ കണ്ടെത്തിയതോടെ ചെല്‍സിയുടെ ലീഡ് 3-0 ആയി ഉയര്‍ന്നു. നാലു മാസം മുമ്പ് ചെല്‍സിയെ നാണം കെടുത്തിയ ഗണ്ണേഴ്‌സിന് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ വിജയത്തിലൂടെ അന്റോണിയോ കോന്റേയുടെ സംഘത്തിനായി.

മോശം പെരുമാറ്റത്തിന് ടച്ച് ലൈന്‍ വിലക്കുള്ളതിനാല്‍ സ്റ്റേഡിയത്തിലിരുന്നു കളി കാണേണ്ടി വന്ന ആഴ്‌സണല്‍ കോച്ച് ആഴ്‌സന്‍ വെംഗര്‍ക്ക് തനിക്കു ചുറ്റും ആര്‍ത്തു വിളിച്ച ചെല്‍സി ആരാധകര്‍ക്കിടയില്‍ ഇത്തവണ തല താഴ്ത്തി ഇരിക്കാനേ ആയുള്ളൂ. ആഴ്‌സണലിന്റെ ഗോളെന്നുറച്ച രണ്ട് അവസരങ്ങള്‍ തട്ടിയകറ്റാന്‍ ചെല്‍സി ഗോള്‍കീപ്പര്‍ കോര്‍ട്ടോയിസിനായത് മത്സരത്തിന്റെ ആധിപത്യം നിലനിര്‍ത്താന്‍ ചെല്‍സിയെ സഹായിക്കുകയും ചെയ്തു.

ഒടുവില്‍ ഇഞ്ചുറി ടൈമില്‍ നാച്ചോ മോണ്‍റിയലിന്റെ ക്രോസില്‍ നിന്നും പകരക്കാരനായി ഇറങ്ങിയ ഒലിവര്‍ ഗിറൗഡ് ഗണ്ണേഴ്‌സിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയപ്പോഴേക്കും ആഴ്‌സണലിന്റെ ആരാധകരില്‍ ഏറിയ പങ്കും സ്റ്റേഡിയം വിട്ടിരുന്നു. സ്വന്തം തട്ടകത്തില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ 11-ാം വിജയമാണിത്. ഇതോടൊപ്പം 18 ലീഗ് മത്സരങ്ങളില്‍ 16-ാം വിജയവും. ഒരാഴ്ചക്കിടെ രണ്ട് പരാജയങ്ങള്‍ നേരിടേണ്ടി വന്നതോടെ ആഴ്‌സണലിന്റെ കിരീട മോഹം ഏറെക്കുറെ അവസാനിക്കുകയും ചെയ്തു.