ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി നടി മഞ്ജുവാര്യര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി സി.പി.എം നേതൃത്വം രംഗത്ത്. സി.പി.എം ആലപ്പുഴ ജില്ലാകമ്മിറ്റിയാണ് മഞ്ജുവാര്യര്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയത്. സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ട സാഹചര്യം സി.പി.എമ്മിനില്ലെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് പ്രഥമ പരിഗണന. പതിനായിരക്കണക്കിന് കേഡര്‍മാരുള്ള ജില്ലയിലെ പാര്‍ട്ടിക്ക് താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളുടെ ആവശ്യമില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തിനുശേഷം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.സി വിഷ്ണുനാഥ് തന്നെ മത്സരിക്കുമെന്നാണ് വിവരം. അതേസമയം, കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയായ പി.എസ് ശ്രീധരന്‍പിള്ള മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതായി വന്നത്. അതിനിടെയാണ് നടി മഞ്ജുവാര്യര്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രചാരണം ശക്തിപ്പെട്ടത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും എന്നതിനാല്‍ സര്‍ക്കാരിന് വെല്ലുവിളിയാകും.